ഉച്ചയ്ക്ക് 12.32ന് ആണ് തീപിടുത്തം സംബന്ധിച്ച് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. 12.38ന് തന്നെ അല്‍ മിസ്‍ഹര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി.
ദുബൈ: ദുബൈയില്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അല്‍ അവീറിലെ അല്‍ ഖബായില്‍ സെന്ററിലുണ്ടായ തീപിടുത്തത്തിനിടെയായിരുന്നു സംഭവം. സെര്‍ജന്റ് ഒമര്‍ ഖലീഫ സലീം അല്‍ കിത്‍ബി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്.
ഉച്ചയ്ക്ക് 12.32ന് ആണ് തീപിടുത്തം സംബന്ധിച്ച് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. 12.38ന് തന്നെ അല്‍ മിസ്‍ഹര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് റാഷിദിയ ഫയര്‍ സ്റ്റേഷനില്‍ നിന്നും നാദ് അല്‍ ഷെബ ഫയര്‍ സ്റ്റേഷനില്‍ നിന്നും അധിക യൂണിറ്റുകളെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം തണുപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവെ രാത്രി 7.20ഓടെ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ഈ അപകടത്തിലാണ് അല്‍ കെത്ബിക്ക് ജീവന്‍ നഷ്ടമായത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മരണപ്പെട്ട അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ കുടുംബത്തെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈയിലെ ഒന്നാം ഉപഭരണധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനിടെ ജീവന്‍ ബലി നല്‍കേണ്ടിവന്ന അല്‍ കെത്‍ബിയെ രക്തസാക്ഷിയെന്നാണ് ദുബൈ ഭരണാധികാരികള്‍ അനുശോചന സന്ദേശത്തില്‍ വിശേഷിപ്പിച്ചത്.
Read also: 'എന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയല്ല. എന്റെ മകളുടെ ഭര്‍ത്താവാണ്'
