രോഗബാധയുള്ളവരോ രോഗബാധ സംശയിക്കുന്നവരോ യാത്ര ചെയ്യാന്‍ പാടില്ലെന്നത് ഉള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളും നിയമത്തിലുണ്ട്. 

ദുബൈ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ദുബൈയില്‍ പുതിയ നിയമം പാസാക്കി. പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ഉപാധികളോടെയാണ് നിയമം അവതരിപ്പിച്ചത്. പകര്‍ച്ചവ്യാധി പിടിപെട്ടവരും രോഗബാധ സംശയിക്കുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയുന്നതിനും അതുവഴി കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് തടയാനുമാണ് പുതിയ നിയമം വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 

രോഗബാധയുള്ളവരോ രോഗബാധ സംശയിക്കുന്നവരോ യാത്ര ചെയ്യാന്‍ പാടില്ല. ഇവര്‍ ആശുപത്രിയിലേക്കല്ലാതെ മറ്റൊരിടത്തേക്കും യാത്ര ചെയ്യാന്‍ പാടില്ലെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. മറ്റ് യാത്രകള്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി വാങ്ങണം. രോഗം പടരാന്‍ സാധ്യതയുള്ളവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗബാധ മറച്ചുവെക്കുകയോ രോഗം പടരാനുള്ള സാഹചര്യം മനഃപൂര്‍വ്വമോ അല്ലാതെയോ ഉണ്ടാക്കുകയും ചെയ്യരുത്. രോഗം പടരാതിരിക്കാന്‍ കര്‍ശന നടപടികള്‍ പാലിക്കണം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ച നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം പ്രാബല്യത്തിൽ വരും.

Read Also -  വിവാഹത്തിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നെത്തി, ഭാര്യക്കൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ഭീകരാക്രമണം, നോവായി നീരജ്

യാത്ര ചെയ്യുന്നവര്‍ ഔദ്യോഗിക ആരോഗ്യ പ്രോട്ടോക്കോള്‍ പാലിക്കണം. ദുബൈയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണം. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങി ശുചിത്വ നടപടികളും കർശനമായി പാലിക്കണം. പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ എൻവയോൺമെന്‍റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റി, ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം