ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി നിലനിര്‍ത്തിയിരിക്കുകയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം.
ദുബൈ: 2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോടി സീറ്റുകളുമായാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.
2023നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ ഏഴു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും 2019ലെ നിലവാരത്തിൽ നിന്ന് 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ ഒഎജി അറിയിച്ചു. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര എയർലൈൻ ശേഷി അനുസരിച്ചാണ് കണക്കാക്കുന്നത്. അതേസമയം ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങൾ ആകെ എയർലൈൻ ശേഷി (ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 2024ല്‍ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില്‍ ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.
106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവിസുകളുണ്ട്. ആകെ 101 അന്താരാഷ്ട്ര എയർലൈനുകൾ സർവിസ് നടത്തുന്നു. ദുബൈയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളും പോകുന്നത് ഇന്ത്യ, സൗദി, യുകെ, പാകിസ്ഥാന് എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024 ആദ്യ പകുതിയില്‍ 4.49 കോടി യാത്രക്കാരാണ് ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്.
Read Also - യുഎഇ പ്രവാസികളേ, ഈ അവസരം പ്രയോജനപ്പെടുത്തൂ; സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാം
ദുബൈ ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് പുറത്തിറക്കിയ ദുബൈ ടൂറിസം സെക്ടറിന്റെ 2024 ജനുവരി മുതൽ നവംബർ വരെയുള്ള പ്രകടന റിപ്പോർട്ട് പ്രകാരം എമിറേറ്റിൽ നവംബറിൽ മാത്രം 18.3 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ എത്തി. ജനുവരിയിൽ 17.7 ലക്ഷം, ഫെബ്രുവരിയിൽ 19 ലക്ഷം, മാർച്ചിൽ 15.1 ലക്ഷം, ഏപ്രിലിൽ 15 ലക്ഷം, മേയിൽ 14.4 ലക്ഷം, ജൂണിൽ 11.9 ലക്ഷം, ജൂലൈയിൽ 13.1 ലക്ഷം, ആഗസ്റ്റിൽ 13.1 ലക്ഷം, സെപ്റ്റംബറിൽ 13.6 ലക്ഷം, ഒക്ടോബറിൽ 16.7 ലക്ഷം എന്നിങ്ങനെയാണ് എമിറേറ്റിലെ വിനോദ സഞ്ചാരികളുടെ കണക്കുകള്‍.
