നമസ്‍കാരം, പ്രാര്‍ത്ഥനകള്‍ എന്നിവയുമായി ബന്ധപ്പെട്ട 205ഓളം ചോദ്യങ്ങള്‍ക്കായിരിക്കും നിലവില്‍ പുതിയ സംവിധാനത്തിലൂടെ മറുപടി ലഭിക്കുകയെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പിലെ ഫത്‍വ വിഭാഗം മേധാവി താരിഖ് അല്‍ ഇമാദി പറഞ്ഞു. 

ദുബായ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോിഗിച്ച് മതപരമായ കാര്യങ്ങളിലെ ഇസ്‍ലാമിക വിധികള്‍ (ഫത്‍വ) നല്‍കുന്ന സംവിധാനം ദുബായില്‍ നിലവില്‍വന്നു. 'വിര്‍ച്വല്‍ ഇഫ്ത' എന്ന് പേരിട്ടിരിക്കുന്ന ഇത്തരമൊരു രീതി ലോകത്തുതന്നെ ആദ്യമായാണ്. നേരിട്ടോ ഫോണിലൂടെയോ മതപണ്ഡിതര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന രീതിയില്‍ നിന്ന് വ്യത്യസ്ഥമായി ഇന്റര്‍നെറ്റ് ചാറ്റിലൂടെ സംശയങ്ങള്‍ ചോദിക്കാനും കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ ഉത്തരങ്ങള്‍ ലഭിക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം.

നമസ്‍കാരം, പ്രാര്‍ത്ഥനകള്‍ എന്നിവയുമായി ബന്ധപ്പെട്ട 205ഓളം ചോദ്യങ്ങള്‍ക്കായിരിക്കും നിലവില്‍ പുതിയ സംവിധാനത്തിലൂടെ മറുപടി ലഭിക്കുകയെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പിലെ ഫത്‍വ വിഭാഗം മേധാവി താരിഖ് അല്‍ ഇമാദി പറഞ്ഞു. 'വിര്‍ച്വല്‍ ഇഫ്‍ത' പരിചയപ്പെടുത്തുന്നതിനായി മൂന്ന് ദിവസത്തെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ അറബിക്, ഇംഗീഷ് ഭാഷകളിലായിരിക്കും ഈ സംവിധാനം ലഭ്യമാകുന്നത്. ഇസ്ലാമിക് അഫയേഴ്‍സ് വകുപ്പിന്റെ വെബ്സൈറ്റായ www.iacad.gov.ae വഴിയാണ് ഇപ്പോള്‍ സേവനം. വാട്സാപ്പ് അടക്കമുള്ളവയിലേക്കൂകൂടി ഇത് വ്യാപിപ്പിക്കും. ഒപ്പം നോമ്പ്, ശുദ്ധി, വുദു, ധനകാര്യ വിഷയങ്ങള്‍ തുടങ്ങിയ മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കും. കൂടുതല്‍ ഭാഷകളും ഉള്‍പ്പെടുത്തും. ഇസ്ലാമിക് അഫയേഴ്‍സ് വകുപ്പ് വെബ്സൈറ്റിലെ chat with us എന്ന ഐക്കണ്‍ വഴിയാണ് ഫത്‍വ സംവിധാനം ഉപയോഗിക്കാന്‍ കഴിയുന്നത്.