കാഴ്ച പരിമിതിയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് റേഞ്ച് സ്പീക്കറുകളും അപകട സാഹചര്യങ്ങളിൽ കേൾവി ശക്തി കുറവുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി വൈബ്രേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്

ദുബായ്: അൽ മംസാർ ബീച്ചിൽ അടിയന്തിര ഘട്ടങ്ങളിൽ ഭിന്നശേഷി വിഭാ​ഗത്തിൽപ്പെട്ടവരെ സുരക്ഷിതരാക്കുന്നതിനായി പുതിയ സംവിധാനം അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. കാഴ്ച പരിമിതിയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് റേഞ്ച് സ്പീക്കറുകളും അപകട സാഹചര്യങ്ങളിൽ കേൾവി ശക്തി കുറവുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി വൈബ്രേഷൻ സംവിധാനവുമാണ് ഒരുക്കിയിട്ടുള്ളത്. അടിയന്തിര സാഹചര്യങ്ങളിൽ എല്ലാവർക്കുമായി മുന്നറിയിപ്പ് ലൈറ്റുകളും സന്ദേശങ്ങൾ കൈമാറുന്നതിനുമായി ലൈഫ് ​ഗാർഡുകളുടെ ടവറുകളിൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 

കാഴ്ച, കേൾവി പരിമിതികളുള്ള വ്യക്തികൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പും മാർ​ഗ നിർദേശങ്ങളും നൽകുന്നതിനായി നിശ്ചയദാർഢ്യ വിഭാ​ഗങ്ങളുടെ പരിശീലന കേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റി അതി നൂതനമായ ഉപകരണം വികസിപ്പിച്ചെടുത്തിരുന്നു. ഈ ഉപകരണങ്ങളിൽ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത് വ്യക്തികൾക്ക് അവരുടെ ലൊക്കെഷൻ സംബന്ധിച്ച വിവരങ്ങൾ നൽകുന്നു. കൂടാതെ, ട്രാക്കിങ് ഫീച്ചറും ഉൾപ്പെടുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ അവർ എവിടെയെന്ന് നിരീക്ഷിക്കാൻ ലൊക്കെഷൻ ‍ട്രാക്ക് ചെയ്യുന്നത് വഴി ലൈഫ് ​ഗാർഡുകൾക്ക് കഴിയും.

read also: ദുബായ് സൈക്ലിങ് റേസ്: റോഡുകൾ ഇന്ന് താൽക്കാലികമായി അടച്ചിടും

നിശ്ചയദാർഢ്യ വിഭാ​ഗമുൾപ്പടെയുള്ള എല്ലാ ജനവിഭാ​ഗങ്ങൾക്കും മികച്ച ജീവിത നിലവാരവും ആരോ​ഗ്വവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതിബന്ധതയുടെ ഭാ​ഗമായാണ് ഈ പദ്ധതിയെന്ന് പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സിഇഓ ബദർ അൻവാഹി പറഞ്ഞു. നിശ്ചയദാർഢ്യ വിഭാ​ഗത്തിനായി ദുബായ് ന​ഗരം കുടുതൽ സൗഹൃദപരമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.