വിമാനം പറന്നുയര്‍ന്ന് അധികനേരം കഴിയുന്നതിന് മുമ്പ് ഇവരുടെ ആരോഗ്യനില വഷളാവുകയും വൈദ്യസഹായം അത്യാവശ്യമായി വരികയും ചെയ്‍തു.

ദുബൈ: ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ദുബൈയില്‍ വിമാനം തിരിച്ചിറക്കി. ഉടന്‍തന്നെ രോഗിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‍തു. ദുബൈ പൊലീസ് എയര്‍വിങും ദുബൈ കോര്‍പറേഷന്‍ ആംബുലന്‍സ് സര്‍വീസുമാണ് അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചയുടന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്.

റോഡപകടത്തില്‍ പരിക്കേറ്റ യുറോപ്യന്‍ വനിതയെ വിദഗ്ധ ചികിത്സക്കായാണ് വിദേശത്തേക്ക് കൊണ്ടുപോയത്. എന്നാല്‍ വിമാനം പറന്നുയര്‍ന്ന് അധികനേരം കഴിയുന്നതിന് മുമ്പ് ഇവരുടെ ആരോഗ്യനില വഷളാവുകയും വൈദ്യസഹായം അത്യാവശ്യമായി വരികയും ചെയ്‍തു. തുടര്‍ന്ന് അടിയന്തര സന്ദേശം നല്‍കിയ ശേഷം വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് ദുബൈ പൊലീസ് എയര്‍വിങ് ഡയറക്ടര്‍ കേണല്‍ അലി മുഹമ്മദ് ഫറജ് അല്‍ മുഹൈരി പറഞ്ഞു. ദുബൈ അല്‍ മക്തൂം വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ പൊലീസ് എയര്‍ വിങും മെഡിക്കല്‍ സംഘവും ഇവരെ ഹെലികോപ്റ്ററില്‍ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.