ദുബായ്: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് വ്യാഴാഴ്ച ദുബായില്‍ തുടക്കമായി. ഇതനുസരിച്ച് 2019 ഫെബ്രുവരി ഏഴു മുതല്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടിട്ടില്ലാത്തവര്‍ക്ക് തങ്ങളുടെ നേരത്തേയുള്ള പിഴകളില്‍ 75 ശതമാനം ഇളവ് അനുവദിക്കുമെന്ന് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ഈ വര്‍ഷം ഫെബ്രുവരി ഏഴിനാണ് പൊലീസ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ പോലും ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടാത്തവര്‍ക്ക് 25 ശതമാനം ഇളവായിരുന്നു പ്രഖ്യാപിച്ചത്. ആറ് മാസം പുതിയ നിയമലംഘനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ 50 ശതമാനം ഇളവ് ലഭിക്കും. ഒന്‍പത് മാസം ഗതാഗത നിയമങ്ങള്‍ തെറ്റിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ 75 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുഴുവന്‍ നിയമങ്ങള്‍ തെറ്റിക്കാതെ വാഹനം ഓടിച്ചവരുടെ പിഴകള്‍ പൂര്‍ണമായി ഒഴിവാക്കി നല്‍കുകയും ചെയ്യും.