Asianet News MalayalamAsianet News Malayalam

റോഡിലെ മാന്യതയ്ക്ക് പകരമായി പുത്തന്‍ കാര്‍ സമ്മാനിച്ച് ദുബായ് പൊലീസ്

അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമ്പോള്‍ തന്നെ മാന്യമായി വാഹനം ഓടിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയുമാണ് ദുബായ് പൊലീസ്.

dubai police awards new car for safe driving
Author
Dubai - United Arab Emirates, First Published Aug 8, 2019, 1:12 PM IST

ദുബായ്: ഖവാനീജിലെ സൈഫ് അബ്‍ദുല്ല സുല്‍ത്താന്‍ അല്‍ സുവൈദിയുടെ വീട്ടില്‍ കഴിഞ്ഞദിവസം അപ്രതീക്ഷിതമായാണ് ദുബായ് പൊലീസ് ഉപമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീനും സംഘവും കയറിച്ചെന്നത്. സുരക്ഷിതമായി വാഹനം ഓടിച്ചതിനുള്ള സമ്മാനമായി സൈഫ് അബ്‍ദുല്ലക്ക് നല്‍കാന്‍ ഒരു പുതിയ കാറുമായായിരുന്നു പൊലീസ് സംഘമെത്തിയത്. സൈഫ് സ്ഥലത്തില്ലാത്തതിനാല്‍ പിതാവ് സമ്മാനം ഏറ്റുവാങ്ങി.

അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമ്പോള്‍ തന്നെ മാന്യമായി വാഹനം ഓടിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയുമാണ് ദുബായ് പൊലീസ്. ഒരുമാസം മുഴുവന്‍ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാല്‍ ഒരു വൈറ്റ് പോയിന്റ് വീതം ലഭിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ ആകെ 12 പോയിന്റുകള്‍ വരെ സ്വന്തമാക്കാനാവും. അഞ്ച് വര്‍ഷം ഒരു നിയമലംഘനവും നടത്താതെ വൈറ്റ് പോയിന്റുകളെല്ലാം സ്വന്തമാക്കിയവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് അതില്‍ രണ്ടുപേര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കുന്നത്.

സൂക്ഷ്മതയ്ക്കുള്ള ഈ സമ്മാനം നല്‍കാനാണ് ദുബായ് പൊലീസ് സംഘം കഴിഞ്ഞ ദിവസം സൈഫ് അബ്‍ദുല്ല സുല്‍ത്താന്‍ അല്‍ സുവൈദിയുടെ വീട്ടിലെത്തിയത്. ദുബായ് പൊലീസിന് നന്ദി പറഞ്ഞ സൈഫ് അബ്‍ദുല്ലയുടെ പിതാവ്, രാജ്യത്തെ മറ്റ് യുവജനങ്ങളും സൂക്ഷിച്ച് വാഹനം ഓടിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി.

Follow Us:
Download App:
  • android
  • ios