മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഒറ്റ മുടിനാര് ഉപയോഗിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരീക്ഷണത്തില്‍ മരിച്ചയാള്‍ക്ക് ഏകദേശം മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള കട്ടിയുള്ള മുടിയാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. തലയോട്ടിയുടെ രൂപവും വലിപ്പവും മനസ്സിലാക്കി. 

ദുബൈ: കടലില്‍ നിന്ന് കണ്ടെത്തിയ ജീര്‍ണിച്ച മൃതദേഹത്തിന്റെ മുഖം അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുഃനസൃഷ്ടിച്ച് ദുബൈ പൊലീസ്. മരണപ്പെട്ടയാളെ തിരിച്ചറിയാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. 

ഇയാളെ കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ 901 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. ഒരു മാസം മുമ്പാണ് കടലില്‍ നിന്ന് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. പിന്നീട് ദുബൈ പൊലീസിലെ ഫോറന്‍സിക്‌സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ. അഹമ്മദ് ഈദ് അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലുള്ള സംഘം ആധുനിക സാങ്കേതിക വിദ്യയായ ത്രി ഡി ഫേഷ്യല്‍ റികണ്‍സ്ട്രക്ട്ഷന്‍ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിക്കുകയായിരുന്നു. 

ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജനറല്‍ വിഭാഗം എന്നിവയുടെ പരിശ്രമത്തിലൂടെയാണ് മുഖം പുഃനസൃഷ്ടിച്ചത്. ഡിഎന്‍എയും വിരലടയാളവും മൃതദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നില്ല. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഒറ്റ മുടിനാര് ഉപയോഗിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരീക്ഷണത്തില്‍ മരിച്ചയാള്‍ക്ക് ഏകദേശം മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള കട്ടിയുള്ള മുടിയാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.

തലയോട്ടിയുടെ രൂപവും വലിപ്പവും മനസ്സിലാക്കി. 35നും 45നും ഇടയില്‍ പ്രായമുള്ളയാളാണെന്നും കണ്ടെത്തി. ചര്‍മ്മത്തിന്റെ നിറവും മറ്റും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ മരിച്ചത് മധ്യപൂര്‍വദേശക്കാരനായ ഏഷ്യന്‍ വംശജനാണെന്ന് മനസ്സിലാക്കി. പിന്നീട് നരവംശശാസ്ത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മുഖം പുഃനസൃഷ്ടിക്കുകയായിരുന്നു. ദുബൈ പൊലീസ് തലവന്‍, ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, കുറ്റാന്വേഷണ വിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി എന്നിവര്‍ വെല്ലുവിളി നിറഞ്ഞ ഈ ദൗത്യത്തിന് പിന്തുണ നല്‍കി.