ദുബായ്: സ്കൂള്‍ ബസിനുള്ളില്‍ മലയാളി ബാലന്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ദുബായ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. കുട്ടി പുറത്തിറങ്ങിയെന്ന് ഉറപ്പാക്കാതെ ബസ് പൂട്ടി ഡ്രൈവര്‍ പുറത്തുപോയതിന് ശേഷം മണിക്കൂറുകളോളം കുട്ടി ബസിനുള്ളില്‍ കഴിഞ്ഞുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തലശേരി സ്വദേശികളായ ഫൈസല്‍-സല്‍ ദമ്പതികളുടെ മകന്‍ ഫര്‍ഹാനാണ് (6) ശനിയാഴ്ച മരിച്ചത്.

അല്‍ഖൂസിലെ അല്‍മനാര്‍ മദ്രസയിലേക്ക് കുട്ടികളെ എത്തിച്ച ബസിലായിരുന്നു ഫര്‍ഹാന്‍ ശ്വാസം മുട്ടി മരിച്ചത്. എല്ലാവരും പുറത്തിറങ്ങിയെന്ന് ഉറപ്പാക്കാതെ ബസ് ഡ്രൈവര്‍ വാഹനം പൂട്ടി പുറത്തുപോയി. രാവിലെ എട്ടിന് കുട്ടികളെ മദ്രസയില്‍ എത്തിച്ച ശേഷം വൈകുന്നേരമാണ് തിരികെ കൊണ്ടുപോകുന്നത്. ഈ സമയത്താണ് കുട്ടിയുടെ മൃതദേഹം ബസിനുള്ളില്‍ കണ്ടെടുത്തത്. ബസിനുള്ളില്‍ ഇരുന്ന് ഉറങ്ങിപ്പോയ കുട്ടി, പിന്നീട് കനത്ത ചൂടില്‍ ബോധരഹിതനായിരിക്കാമെന്നും തുടര്‍ന്ന് മരണം സംഭവിച്ചിരിക്കാമെന്നുമാണ് വിലയിരുത്തല്‍.

യുഎഇയിലെ മതപഠന സ്ഥാപനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന ഇസ്ലാമികകാര്യ വകുപ്പ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ദുബായ് പൊലീസ് ട്വിറ്ററിലൂടെയാണ് ദാരുണമായ മരണവാര്‍ത്ത പുറത്തുവിട്ടത്. ഇന്നലെ വൈകുന്നേരം അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഫര്‍ഹാന്റെ മൃതദേഹം ഖബറടക്കി.