ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്താനും അവയുടെ പ്രവര്‍ത്തനം തടയാനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. 

ദുബൈ: അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ (Illegal Massage Centre) പൊതുജനങ്ങളില്‍ അവബോധം സൃഷ്‍ടിക്കാന്‍ കാമ്പയിനുമായി ദുബൈ പൊലീസ് (Dubai Police). ഇത്തരം സെന്ററുകളില്‍ സേവനങ്ങള്‍ തേടി പോകുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന അപകടങ്ങള്‍ കൂടി കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും (combating illegal activities) സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും (ensuring the safety and security) ഇതിലൂടെ ലക്ഷ്യമിടുന്നതായി പൊലീസ് അറിയിച്ചു.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്താനും അവയുടെ പ്രവര്‍ത്തനം തടയാനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. മസാജ് സെന്ററുകളുടെ പരസ്യം പ്രിന്റ് ചെയ്‍ത കാര്‍ഡുകള്‍ വാഹനങ്ങളില്‍ നിക്ഷേപിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കാര്‍ഡുകള്‍ നിയമ വിരുദ്ധമായ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, പലപ്പോഴും പൊതുമര്യാദകള്‍ക്ക് നിരക്കാത്ത അശ്ലീല ചിത്രങ്ങള്‍ കൂടിയുള്ളവയാണ്. ഇത്തരത്തിലുള്ള സംസ്‍കാര ശൂന്യമായ പ്രവര്‍ത്തനത്തിന് ദുബൈ പൊലീസ് അറുതി വരുത്തുകയാണ്. വാഹനം ഓടിക്കുന്നവര്‍ക്ക് അപകടങ്ങളുണ്ടാക്കുന്നതിന് പുറമെ മനോഹരമായ നിരത്തുകളെ മലിനമാക്കുകയും ചെയ്യുന്നുണ്ട് ഇത്തരക്കാരെന്നും അദ്ദേഹം പറഞ്ഞു.

Read also: യുഎഇയില്‍ സ്‍കൂള്‍ ബസിന് തീപിടിച്ചു; കുട്ടികളും ജീവനക്കാരും സുരക്ഷിതര്‍

അനധികൃത മസാജ് സെന്ററുകളുമായി ബന്ധപ്പെടുന്ന പൊതുജനങ്ങള്‍ക്കും ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന പൊതുജനങ്ങള്‍ അത്തരം പ്രവൃത്തികളുടെ നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് കൂടി ഉത്തരവാദികളായിരിക്കും. പലപ്പോഴും ഇത്തരം സെന്ററുകളില്‍ പോകുന്നവര്‍ തട്ടിപ്പിന് ഇരയാവാറാണ് പതിവെന്നും ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു.

മസാജ് പരസ്യങ്ങളുടെ കാര്‍ഡുകളില്‍ നല്‍കിയിട്ടുള്ളതായി കണ്ടെത്തിയ 3,114 ഫോണ്‍ നമ്പറുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊലീസ് ഡിസ്‍കണക്ട് ചെയ്‍തിട്ടുണ്ട്. അനധികൃത മസാജ് സെന്ററുകള്‍ നടത്തിയിരുന്ന 218 അപ്പാര്‍ട്ട്മെന്റുകളില്‍ റെയ്ഡ് നടത്തി. 2,025 പേരെ അറസ്റ്റ് ചെയ്‍തു. ഇവരില്‍ 1,643 പേര്‍ക്കെതിരെ പൊതു മര്യാദകള്‍ ലംഘിച്ചതിനും 165 പേര്‍ക്കെതിരെ മസാജ് സെന്ററുകളുടെ പരസ്യ കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്‍തതിനുമാണ് കേസ് രജിസ്റ്റ് ചെയ്‍തത്. പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്നത് പൊലീസിന്റെയും സമൂഹത്തിലെ ഓരോരുത്തരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ദുബൈ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ പറഞ്ഞു.

Read also: യുഎഇയിലെ കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തില്‍ താഴെയായി; ഇന്ന് ഒരു മരണം

നിയമവിരുദ്ധമായതോ സംശയകരമായതോ ആയ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാലോ അല്ലെങ്കില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ബിസിനസ് സംരംഭങ്ങളോ അവയുടെ പരസ്യങ്ങളോ ശ്രദ്ധയില്‍ പെട്ടാലും 901 എന്ന നമ്പറില്‍ അറിയിക്കണം. ഒപ്പം ദുബൈ പൊലീസിന്റെ സ്‍മാര്‍ട്ട് ആപ്ലിക്കേഷനിലുള്ള 'പൊലീസ് ഐ' സേവനം ഉപയോഗപ്പെടുത്തിയും അധികൃതരെ വിവരമറിയിക്കാനാവും. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള മസാജ് സെന്ററുകള്‍ ദുബൈ ഇക്കണോമിക് ആന്റ് ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളവ ആയിരിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 800545555 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും ദുബൈ പൊലീസ് അറിയിച്ചു.