Asianet News MalayalamAsianet News Malayalam

കാണാതായ നാല് വയസുകാരനെ 40 മിനിറ്റിനുള്ളില്‍ മാതാപിതാക്കളുടെ അടുത്ത് തിരിച്ചെത്തിച്ച് ദുബൈ പൊലീസ്

മാതാപിതാക്കള്‍ ഭക്ഷണം വാങ്ങുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. നേരം വൈകിയതിനാലും ബീച്ചിന് അടുത്തുള്ള പ്രദേശമായതിനാലും ഭയന്ന മാതാപിതാക്കള്‍ അവിടുത്തെ സെക്യൂരിറ്റി ഗാര്‍ഡുകളെ വിവരമറിയിക്കുകയായിരുന്നു. 

Dubai Police reunite missing boy with his parents
Author
Dubai - United Arab Emirates, First Published Mar 30, 2021, 11:00 PM IST

ദുബൈ: കാണാതായ നാല് വയസുകാരനെ ദുബൈ പൊലീസ് 40 മിനിറ്റിനുള്ളില്‍ കണ്ടെത്തി മാതാപിതാക്കളുടെ അടുത്ത് തിരിച്ചെത്തിച്ചു. വ്യാഴാഴ്‍ചയായിരുന്നു സംഭവം. ഉമ്മുസുഖൈം ഏരിയയില്‍ വെച്ച് മകനെ കാണാതായെന്നായിരുന്നു മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചതെന്ന് ദുബൈ പൊലീസിന്റെ ടൂറിസം പൊലീസിങ് വിഭാഗം ഡയറക്ടര്‍ കേണല്‍ മുബാറക് അല്‍ കിത്‍ബി പറഞ്ഞു.

മാതാപിതാക്കള്‍ ഭക്ഷണം വാങ്ങുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. നേരം വൈകിയതിനാലും ബീച്ചിന് അടുത്തുള്ള പ്രദേശമായതിനാലും ഭയന്ന മാതാപിതാക്കള്‍ അവിടുത്തെ സെക്യൂരിറ്റി ഗാര്‍ഡുകളെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ് ദുബൈ പൊലീസിനെ ബന്ധപ്പെട്ടത്. വിവരം ലഭിച്ചയുടന്‍ എല്ലാ പട്രോള്‍ സംഘങ്ങള്‍ക്കും ഓഫീസര്‍മാര്‍ക്കും ദുബൈ പൊലീസ് വിവരം കൈമാറി. 

40 മിനിറ്റ് നീണ്ട തെരച്ചിലിനൊടുവില്‍ മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് കുട്ടിയെ കണ്ടെത്തുകയായികുന്നു. ഭയന്ന് വിറച്ച് കരയുകയായിരുന്ന കുട്ടി വിശപ്പും ദാഹവും കാരണം ക്ഷീണിതനുമായിരുന്നു. പൊലീസ് സംഘം ഉടന്‍ തന്നെ അവനെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു. പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിന് കുടുംബം നന്ദി അറിയിച്ചു. കുട്ടികളുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ വേണമെന്നും പൊതുസ്ഥലങ്ങളില്‍ അവരെ ശ്രദ്ധിക്കാതെ വിടരുതെന്നും പൊലീസ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Follow Us:
Download App:
  • android
  • ios