ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി ദുബായ് നായിഫ് പൊലീസ് 408 ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു. അപകടങ്ങൾ കുറയ്ക്കുന്നതിനായി പരിശോധനയോടൊപ്പം 932-ഓളം ആളുകൾക്ക് സുരക്ഷാ ബോധവൽക്കരണവും നൽകി. വരും ദിവസങ്ങളിലും ദുബായ് പൊലീസ് ഈ നടപടികൾ തുടരും.
ദുബായ്: ദുബായിൽ നായിഫ് പൊലീസ് സ്റ്റേഷൻ നടത്തിയ പരിശോധനയിൽ 408 ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും സൈക്കിളുകളും പിടിച്ചെടുത്തു. സുരക്ഷിതമല്ലാത്ത രീതിയിലുള്ള യാത്രകളും ഗതാഗത നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ദുബായ് പൊലീസിന്റെ നായിഫ് ഗോൾഡ് സൂക്ക് കേന്ദ്രീകരിച്ച് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് പരിശോധന ശക്തമാക്കിയത്. ഗതാഗത നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 300 ഇലക്ട്രിക് സ്കൂട്ടറുകൾ, 50 ഇലക്ട്രിക് ബൈക്കുകൾ, 58 സാധാരണ സൈക്കിളുകൾ എന്നിവയാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്.
റോഡപകടങ്ങളും പരിക്കുകളും കുറയ്ക്കുക, വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിയമലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിച്ചതെന്ന് നൈഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ ആശൂർ വ്യക്തമാക്കി. പരിശോധനയോടൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും പൊലീസ് സംഘടിപ്പിച്ചു. പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ട്രാക്കുകൾ ഉപയോഗിക്കുക, ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കുക, ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുക എന്നിവയെക്കുറിച്ച് മേഖലയിലെ 932-ഓളം ആളുകൾക്ക് നിർദ്ദേശങ്ങൾ നൽകി.
കൂടാതെ തൊഴിലാളികൾക്ക് മുൻകരുതൽ നടപടികളുടെ ഭാഗമായി സുരക്ഷാ സാമഗ്രികളും വിതരണം ചെയ്തു.സ്കൂട്ടറുകൾക്കായി നിർദ്ദേശിച്ചിട്ടില്ലാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നത് മറ്റ് വാഹനമോടിക്കുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ബ്രിഗേഡിയർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും മാധ്യമങ്ങളിലൂടെയും അല്ലാതെയും പൊതുജന ബോധവൽക്കരണ പ്രചാരണങ്ങൾ തുടരുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.


