280 ബാഗുകളിലായി 5.6 ടണ്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി ദുബൈ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതികളെ പിന്തുടരുകയും അവരുടെ സങ്കേതത്തില്‍ റെയ്ഡ് നടത്തുകയുമായിരുന്നു.
ദുബൈ: വന്‍ ലഹരിമരുന്ന് കടത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പരാജയപ്പെടുത്തി ദുബൈ പൊലീസ്. രഹസ്യവിവരം ലഭിച്ച് ഏഴ് മണിക്കൂറിനുള്ളിലാണ് 436 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തത്. 'ഓപ്പറേഷന്‍ ലെഗ്യൂംസ്' എന്ന് പേരിട്ട അന്വേഷണത്തില്‍ ആറു പ്രതികളെയും പിടികൂടി. യഥാര്‍ത്ഥ പയറു വര്‍ഗങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക് പയറും ചേര്‍ത്ത് ഇതിനുള്ളിലാക്കി വിദഗ്ധമായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയിലെ ആറ് പ്രതികളെയാണ് ദുബൈ പൊലീസ് പിടികൂടിയത്.
280 ബാഗുകളിലായി 5.6 ടണ്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി ദുബൈ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതികളെ പിന്തുടരുകയും അവരുടെ സങ്കേതത്തില്‍ റെയ്ഡ് നടത്തുകയുമായിരുന്നു. ലഹരിമരുന്ന് മണം പിടിച്ച് കണ്ടെത്താന്‍ കെ-9 യൂണിറ്റിന്റെ സഹായവും തേടിയിരുന്നു. ലഹരിമരുന്ന് സംഘത്തിലെ ചിലര്‍ ദുബൈയിലും മറ്റ് ചിലര്‍ വിദേശത്തും താമസിക്കുന്നവരാണ്. പയറുവര്‍ഗങ്ങളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് ഒരു ഗോഡൗണില്‍ സൂക്ഷിക്കാനായിരുന്നു പദ്ധതി. ഈ ഗോഡൗണ്‍ പൊലീസ് റെയ്ഡില്‍ കണ്ടെത്തി. അടുത്തുള്ള രാജ്യത്തേക്ക് ലഹരിമരുന്ന് അടങ്ങുന്ന ചരക്ക് കയറ്റി അയയ്ക്കാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
ലഹരിമരുന്ന് കടത്ത് തടയുന്നതിന് മറ്റ് പൊലീസ് ഓജന്‍സികളുടെ വിവര കൈമാറ്റവും വൈദഗ്ധ്യവും സഹായകമായെന്ന് പൊലീസ് പറഞ്ഞു. ഇത് ദുബൈ പൊലീസിന്റെ വിജയമാണെന്നും ലഹരിമരുന്ന് കടത്ത് പോലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസ് ജാഗ്രത പുലര്‍ത്താറുണ്ടെന്നും ദുബൈ പൊലീസ് ജനറല്‍ കമാന്‍ഡ് പറഞ്ഞു.
Read More - കായിക ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്; കയ്യോടെ പിടികൂടി കസ്റ്റംസ്
ദിവസങ്ങള്‍ക്ക് മുമ്പ് ദുബൈയിലേക്ക് വന്ന യാത്രക്കാരന്റെ ലഗേജില്‍ നിന്ന് 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് കഞ്ചാവ് കടത്താനുള്ള യാത്രക്കാരന്റെ ശ്രമം പരാജയപ്പെട്ടത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. രണ്ട് ബാഗുകളുടെയും ഉള്‍വശത്തെ ലൈനിങിന് അകത്ത് പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത തരത്തിലായിരുന്നു കഞ്ചാവ് പാക്കറ്റുകള്‍ ഒളിപ്പിച്ചത്.
Read More - കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും പിടികൂടി; വിമാനത്താവളത്തില്‍ സ്ത്രീകളടക്കം അറസ്റ്റില്‍
