1.65 കിലോഗ്രാം ഭാരമുള്ള മെറ്റാംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്.
ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സ്‌പോര്‍ട്‌സ് ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മെറ്റാംഫെറ്റാമൈന്‍ ആണ് എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസിലെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ് വിഭാഗം പിടിച്ചെടുത്തത്.
1.65 കിലോഗ്രാം ഭാരമുള്ള മെറ്റാംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങള്‍ കസ്റ്റംസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയും മൂന്ന് കിലോ മെറ്റാംഫെറ്റാമൈന്‍ പിടിച്ചെടുത്തിരുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇവ പിടിച്ചെടുത്തത്.
Read More - 39 ലക്ഷം ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം, ഒളിപ്പിച്ചത് കുരുമുളക് ഷിപ്പ്‌മെന്റില്‍; വീഡിയോ
അതേസമയം കുവൈത്തില്‍ കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും എയര്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കഞ്ചാവ്, ട്രമഡോള്‍ ഗുളികകള്‍, ലാറിക ഗുളികകള്‍, ഹാഷിഷ് എന്നിവ യാത്രക്കാരില്‍ നിന്ന് പിടികൂടിയത്. വ്യത്യസ്ത സംഭവങ്ങളിലാണ് ഇവ പിടിച്ചെടുത്തത്. വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് രാജ്യത്തേക്ക് എത്തിയവരാണിവര്‍. ദില്ലിയില്‍ നിന്ന് വന്ന ഏഷ്യക്കാരനില്‍ നിന്നാണ് കഞ്ചാവും 350 ട്രമഡോള്‍ ഗുളികകളും പിടിച്ചെടുത്തത്.
രണ്ടാമത്തെ സംഭവത്തില്‍ 20 ലാറിക ഗുളികകളും ഹാഷിഷ് നിറച്ച സിഗരറ്റും കൈവശം വെച്ച കുവൈത്ത് സ്വദേശിയെ അധികൃതര്‍ പിടികൂടി. ആംസ്റ്റെര്‍ഡാമില്‍ നിന്ന് വന്നതാണ് ഇയാള്‍. മൂന്നാമത്തെ സംഭവത്തില്‍ ആംസ്റ്റെര്‍ഡാമില്‍ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു സ്ത്രീയുടെ പക്കല്‍ നിന്നും ഹാഷിഷ്, ഒരു തരം ലഹരി മരുന്ന് എന്നിവ പിടിച്ചെടുക്കുകയായിരുന്നു.
Read More - ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ
ഇവരുടെ ഹാന്‍ഡ് ബാഗില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍ ബെയ്‌റൂത്തില്‍ നിന്ന് വന്ന ഒരു കുവൈത്ത് സ്വദേശിനിയും പിടിയിലായി. 15 നാര്‍കോട്ടിക് ലാറിക ഗുളികകളും ഹാഷിഷുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. ബ്രിട്ടനില്‍ നിന്നെത്തിയ സ്വദേശി ദമ്പതികളെ കഞ്ചാവ് നിറച്ച സിഗരറ്റും കഞ്ചാവും ലഹരി നിറച്ച ഇലക്ട്രോണിക് സിഗരറ്റും കൈവശം വെച്ചതിന് അധികൃതര്‍ പിടികൂടി. പിടിയിലായ എല്ലാവരെയും, പിടികൂടിയ ലഹരി വസ്തുക്കള്‍ക്കൊപ്പം ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറി.
