ദുബൈ: മൂടല്‍മഞ്ഞ് നിറഞ്ഞ കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ചൊവ്വാഴ്ച രാവിലെ നിരവധി റോഡപകടങ്ങളാണ് മൂടല്‍മഞ്ഞില്‍ കാഴ്ചാ പരിധി കുറഞ്ഞത് മൂലം റിപ്പോര്‍ട്ട് ചെയ്തത്.

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 2,034 എമര്‍ജന്‍സി ഫോണ്‍ കോളുകള്‍ ലഭിച്ചതായി ദുബൈ പൊലീസ് ഓപ്പറേഷന്‍ വിഭാഗത്തിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസിനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ 29 റോഡപകടങ്ങള്‍ ദുബായ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

മൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷമായതിനാല്‍ കാഴ്ചാ പരിധി കുറയുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകാമെന്നും ഡ്രൈവര്‍മാര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അനുസരിക്കണമെന്നും കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് കൂട്ടിച്ചേര്‍ത്തു. ഇത്തരം കാലാവസ്ഥകളില്‍ വാഹനം ഓടിക്കുമ്പോള്‍ വേഗപരിധി മറികടക്കരുതെന്നും അമിതവേഗത്തില്‍ വാഹനമോടിക്കരുതെന്നും ദുബൈ പൊലീസിലെ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജുമാ സാലെം ബിന്‍ സുവൈദാന്‍ മുന്നറിയിപ്പ് നല്‍കി.