Asianet News MalayalamAsianet News Malayalam

ദുബായ് സമ്മര്‍ സര്‍പ്രൈസസ്; 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളുമായി ദുബായിലെ ഷോപ്പിങ് മാളുകളില്‍ നറുക്കെടുപ്പ്

  • ചില്ലറ വ്യാപാര മേഖലയ്ക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സമ്മാന പദ്ധതിയില്‍ 200 ദിര്‍ഹത്തിന് മുകളില്‍ പര്‍ച്ചേസ് നടത്തുന്ന എല്ലാവര്‍ക്കും സമ്മാനം നേടാന്‍ അവസരം.
  • 70 ഭാഗ്യവാന്മാര്‍ക്ക് മൂന്ന് ലക്ഷം ദിര്‍ഹം വരെ സമ്മാനം.
  • ആറ് പേര്‍ക്ക് ഇന്‍ഫിനിറ്റി ക്യൂ50 കാര്‍ സ്വന്തമാക്കാം.
Dubai shopping malls group to give away AED 1 million worth of prizes in digital raffle during dubai summer surprises
Author
Dubai - United Arab Emirates, First Published Jul 9, 2020, 8:18 PM IST

ദുബായ്: ദുബായ് സമ്മര്‍ സര്‍പ്രൈസസിന്റെ ഭാഗമായി ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പ് പ്രത്യേക സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ചു. ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റുമായി സഹകരിച്ചാണ് വന്‍തുകയുടെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളെല്ലാം പാലിച്ചാണ് ദുബായിലെ താമസക്കാര്‍ക്കായുള്ള ഈ ഡിജിറ്റല്‍ നറുക്കെടുപ്പ് നടക്കുക. ഏഴ് ആഴ്ച നീണ്ടുനില്‍ക്കുന്ന 'ഷോപ്പ് ആന്റ് വിന്‍' സമ്മാന പദ്ധതിയിലൂടെ ആകെ 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ജൂലൈ ഒന്‍പത് മുതല്‍ ഓഗസ്റ്റ് 29 വരെയാണ് 'ഷോപ്പ് ആന്റ് വിന്‍' സമ്മാന പദ്ധതി നീണ്ടുനില്‍ക്കുന്നത്. 70 ഭാഗ്യവാന്മാര്‍ക്ക് ഇക്കാലയളവില്‍ ആകെ മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് ലഭിക്കും. ഇതിന് പുറമെ ആറ് ഇന്‍ഫിനിറ്റി ക്യൂ 50 കാറുകളും ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്. സമ്മാന പദ്ധതിയില്‍ പങ്കാളികളായ ഏതെങ്കിലും മാളുകളില്‍ നിന്ന് 200 ദിര്‍ഹത്തിനോ അതിന് മുകളിലോ ഉള്ള തുകയുടെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. 

ഷോപ്പിങ് മാളുകളുടെ ആനുകൂല്യങ്ങള്‍ക്ക് പുറമെ ബലിപെരുന്നാളും യുഎഇയില്‍ സ്കൂള്‍ തുറക്കുന്ന സമയവുമടക്കം ഒരു സീസണില്‍ മൂന്ന് വ്യപാരോത്സവങ്ങളാണ് 'ഷോപ്പ് ആന്റ് വിന്‍' സമ്മാന പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്. ജൂലൈ 19ന് ആരംഭിക്കുന്ന ബലി പെരുന്നാള്‍ ഓഫറുകള്‍ പെരുന്നാള്‍ കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ കൂടി നീണ്ടുനില്‍ക്കും. ഇക്കാലയളവില്‍ തെരഞ്ഞെടുക്കപ്പെടുന്ന 50 വിജയികള്‍ക്ക് ആകെ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 29 വരെയാണ് 'ബാക് ടു സ്കൂള്‍' ഓഫറുകള്‍. ഈ സമയത്ത് 20 ഭാഗ്യവാന്മാര്‍ക്ക് ആകെ ഒരു ലക്ഷം ദിര്‍ഹം ലഭിക്കും.

ഇന്‍ഫിനിറ്റി ക്യൂ50 കാറുകള്‍ക്കായുള്ള നറുക്കെടുപ്പുകള്‍ ജൂലൈ 18, 25, ഓഗസ്റ്റ് 8, 15, 22, 29 എന്നീ തീയ്യതികളിലായിരിക്കും നടക്കുക. ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള നറുക്കെടുപ്പ് പെരുന്നാള്‍ അവധിക്കാലത്ത് തന്നെ നടക്കും. ബാക് ടു സ്കൂള്‍ നറുക്കെടുപ്പ് ദുബായ് സമ്മര്‍ സര്‍പ്രൈസ് നറുക്കെടുപ്പുകളോടനുബന്ധിച്ചും നടക്കും. പ്രധാന മാളുകളുടെ പങ്കാളിത്തത്തോടെ പുരോഗമിക്കുന്ന ദുബായ് സമ്മര്‍ സര്‍പ്രൈസസിനോട് ആവേശത്തോടെയാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.

ദുബായ് അതിന്റെ പഴയ അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കെ, ചില്ലറ വ്യാപാര മേഖലയുടെ തിരിച്ചുവരവ് എളുപ്പത്തിലാക്കുകയാണ് ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പും ദുബായ് ഫെസ്റ്റിവല്‍ ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റു ചെയ്യുന്നതെന്ന് ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മാജിദ് അല്‍ ഗുറൈര്‍ പറഞ്ഞു. ദുബായിലെ മാളുകളുമായുള്ള ദീര്‍ഘകാല സഹകരണം ഉപയോഗപ്പെടുത്തി,  ഈ വര്‍ഷം ഏവരും കാത്തിരിക്കുകയായിരുന്ന ദുബായ് സമ്മര്‍ സര്‍പ്രൈസിന് പ്രത്യേക അനുഭവമൊരുക്കാന്‍ കഴിഞ്ഞു. വേനല്‍കാലം ദുബായില്‍ ആസ്വദിക്കാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഒരു അനുഭവം സമ്മാനിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റിന്റെ സഹകരണത്തിനും ചില്ലറ വ്യാപാര മേഖലയ്ക്ക് ഉണര്‍വേകാനുള്ള അവരുടെ പ്രയ്തനത്തിനും ഈ അവസരത്തില്‍ നന്ദി പറയുന്നതായും മാജിദ് അല്‍ ഗുറൈര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പുമായുള്ള സഹകരണം കൂടുതല്‍ കൂടുതല്‍ ശക്തമാവുകയാണെന്ന് ദുബായ് ഫെസ്റ്റിവല്‍ ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് സി.ഇ.ഒ അഹ്‍മദ് അല്‍ ഖാജ പറഞ്ഞു. കേവലം ഷോപ്പിങ് ഓഫറുകള്‍ക്കപ്പുറം ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിക്കാനും ചില്ലറ വിപണന മേഖലയെ ശക്തമാക്കാനും ലക്ഷ്യമിടുന്ന പദ്ധതികളാണ് ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. നറുക്കെടുപ്പുകളിലൂടെ ഉപഭോക്താക്കളുടെ വാങ്ങല്‍ സ്വഭാവത്തിനും മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനായി കോണ്‍ടാക്ട്‍ലെസ് പേയ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മാളുകളിലെ ജീവനക്കാരെ പതിവായി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പിന്റെ ഈ സീസണിലെ സമ്മാന പദ്ധതിയില്‍ പങ്കെടുക്കുന്ന മാളുകള്‍ ഇവയാണ്: അല്‍ ബര്‍ഷ മാള്‍, അല്‍ ബുസ്‍താന്‍ സെന്റര്‍, അല്‍ ഗുറൈര്‍ സെന്റര്‍, അറേബ്യന്‍ സെന്റര്‍, ബിന്‍ സൌഗത് സെന്റര്‍, ബുര്‍ജുമാന്‍, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ, സിറ്റി സെന്റര്‍ മിഅയ്സം, ദുബായ് ഔട്ട്‍ലെറ്റ് മാള്‍, ഇത്തിഹാദ് മാള്‍, ഒയാസിസ് മാള്‍, ടൈംസ് സ്‍ക്വയര്‍ സെന്റര്‍, റീഫ് മാള്‍, അപ്‍ടൌണ്‍ മിര്ദിഫ്.

ഡിജിറ്റല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഉപഭോക്താക്കാള്‍ മാളുകളിലെ പ്രത്യേക കസ്റ്റമര്‍ സര്‍വീസ് ഡെസ്ക്കില്‍ അവരവരുടെ വിവരങ്ങളും റസിപ്റ്റ് നമ്പര്‍ അടക്കമുള്ളവയും നല്‍കി രജിസ്റ്റര്‍ ചെയ്തിരിക്കണം. 

സമ്മാന പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്ന മാളുകള്‍, നറുക്കെടുപ്പ് തീയ്യതി, വേദികള്‍, സമ്മാനം നേടിയവരുടെ വിവരങ്ങള്‍ എന്നിവ അറിയാനും www.dubaimallsgroup.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Follow Us:
Download App:
  • android
  • ios