ദുബൈ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി ദുബൈ ടൂറിസം വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി. വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് ദുബൈ മീഡിയ ഓഫീസ് ഈ വിവരം അറിയിച്ചത്. 

പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എമിറേറ്റില്‍ വിനോദപരിപാടികള്‍ക്കുള്ള അനുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ട്വീറ്റില്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അധികൃതരുമായി ദുബൈ ടൂറിസം വകുപ്പ് കൊവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നത് തുടരും. കഴിഞ്ഞ മൂന്നാഴ്ചക്കിടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിന് ദുബൈ അധികൃതര്‍ 20 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും 200 കൊവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.