ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയിലെ അഞ്ചാമത്തെയും അവസാനത്തെയും മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു. 696 മില്യൺ ദിർഹത്തിലധികം ചെലവിട്ട് നിർമ്മിച്ച ഈ പാലം അൽ മജ്‌ലിസ് സ്ട്രീറ്റിനെയും സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്നതോടെ യാത്രാസമയം ഒരു മിനിറ്റായി കുറയും.

ദുബായ്: ദുബായിലെ ഏറ്റവും തിരക്കേറിയ വേൾഡ് ട്രേഡ് സെന്റർ പ്രദേശത്ത് ഇനി യാത്രക്കാർക്ക് സമയലാഭം. വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയിലെ അഞ്ചാമത്തെയും അവസാനത്തെയും മേൽപ്പാലം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു. 696 മില്യൺ ദിർഹത്തിലധികം ചെലവഴിച്ചാണ് ഈ വമ്പൻ പദ്ധതി പൂർത്തിയാക്കിയത്.

അൽ മജ്‌ലിസ് സ്ട്രീറ്റിനെയും സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള പുതിയ പാലം തുറക്കുന്നതോടെ ഇരു റോഡുകൾക്കുമിടയിലുള്ള യാത്രാസമയം ആറ് മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി കുറയും. കൂടാതെ ഈ ഇന്‍റർസെക്ഷനിലെ ശരാശരി ട്രാഫിക് ബ്ലോക്ക് 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയ്ക്കാനും വികസന പദ്ധതിയിലൂടെ സാധിക്കും.

ശൈഖ് സായിദ് റോഡിനെ അഞ്ച് പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലാണ് പുതിയ മേൽപ്പാലം സ്ഥിതി ചെയ്യുന്നത്. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നീ അഞ്ച് പ്രധാന റോഡുകളെയാണ് ബന്ധിപ്പിക്കുന്നത്.

ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഡൗൺടൗൺ ദുബായ്, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, ദേര എന്നീ പ്രധാന മേഖലകൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് ഈ ഇന്‍റർസെക്ഷൻ ഏറെ പ്രധാനപ്പെട്ടതാണ്. 1,000 മീറ്റർ നീളമുള്ള ടു-ലൈൻ പാലമാണ് അൽ മജ്‌ലിസ് സ്ട്രീറ്റിനെയും സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. മണിക്കൂറിൽ 3,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ പാലത്തിന് ശേഷിയുണ്ട്. അഞ്ച് പാലങ്ങൾ ഉൾപ്പെടുന്ന ആകെ 5 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാല ശൃംഖലയിലെ അവസാന പദ്ധതിയാണിത്.

യാത്രക്കാർക്കുള്ള നേട്ടങ്ങൾ

അൽ മജ്‌ലിസ് സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും. ഇവിടുത്തെ ശരാശരി ട്രാഫിക് ബ്ലോക്ക് 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയും. ശൈഖ് സായിദ് റോഡ്, അൽ മുസ്തഖ്ബാൽ സ്ട്രീറ്റ്, ശൈഖ് റാഷിദ് സ്ട്രീറ്റ് എന്നിവയ്ക്കിടയിലുള്ള ഗതാഗതം കൂടുതൽ സുഗമമാകും. പഴയ റൗണ്ട് എബൗട്ട് വഴി കറങ്ങിപ്പോകേണ്ട സാഹചര്യം ഒഴിവാകുന്നതോടെ വലിയ റോഡുകളിലൂടെ തടസ്സമില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാം.

ജുമൈറ, അൽ സത്വ, ദുബായ് വേൾഡ് ട്രേഡ് സെന്റർ, DIFC, ദേര എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യും. സബീൽ, അൽ സത്വ, അൽ കറാമ, അൽ ജാഫിലിയ, അൽ മഖൂൽ എന്നീ ജനവാസ മേഖലകൾക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ പ്രദർശനങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നവർ ഉൾപ്പെടെ 5 ലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും ഈ പദ്ധതി ഉപകാരപ്പെടുമെന്നാണ് ആർടിഎ കണക്കാക്കുന്നത്. വേൾഡ് ട്രേഡ് സെന്റർ പദ്ധതി പൂർത്തിയായെങ്കിലും, സമീപത്തുള്ള അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ വികസന പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. സബീൽ പാലസ് സ്ട്രീറ്റ് കവല മുതൽ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് വരെയുള്ള ഭാഗത്താണ് നിർമ്മാണം നടക്കുന്നത്. അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് ഇരുവശങ്ങളിലേക്കും 3 വരികളിൽ നിന്ന് 4 വരികളാക്കി വീതികൂട്ടുന്നു. ആകെ 1.5 കി.മീ നീളത്തിൽ പാലങ്ങളും തുരങ്കങ്ങളും നിർമ്മിക്കുന്നു. റോഡിന്റെ ഗതാഗത ശേഷി 33 ശതമാനം വർധിപ്പിക്കും. യാത്രാസമയം 13 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയ്ക്കും. ഈ പദ്ധതി 2027-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.