യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈദുബായ് വിമാനത്തിലെ ജീവനക്കാരെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ഈ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

അബുദാബി: യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ധീരമായി പോരാടിയ ഫ്ലൈദുബായ് വിമാനത്തിലെ ജീവനക്കാരോട് സ്നേഹവും പിന്തുണയും പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ‘നിങ്ങളുടെ ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും യുഎഇ നിങ്ങളുടെ രാജ്യമാണ്. ഇവിടെ നിങ്ങൾക്കൊരു വീടും കുടുംബവുമുണ്ട്’ എന്ന യുഎഇ പ്രസിഡന്‍റിന്‍റെ വാക്കുകൾ അടങ്ങിയ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

വിമാനത്തിലെ ജീവനക്കാരുമായി യുഎഇ പ്രസിഡന്‍റ് നടത്തിയ കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനിരയായ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ തലയിലെ പരിക്കുകളും ശൈഖ് മുഹമ്മദ്‌ നേരിട്ട് പരിശോധിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. കോക്ക്പിറ്റിൽ വെച്ച് ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ സ്മിത് മച്ചാറിന്റെ കൈക്കും പരിക്കേറ്റിരുന്നു. പരിക്കുകൾ ഭേദമാകാൻ രണ്ടുമാസമെടുക്കുമെന്ന് ക്യാപ്റ്റൻ മച്ചാർ മറുപടി നൽകിയപ്പോൾ ‘പരിക്കുകൾ മാറി സുഖപ്പെടുമ്പോൾ, നിങ്ങളെ എങ്ങനെ പോരാടണമെന്ന് പരിശീലിപ്പിക്കാൻ എനിക്കൊരു സെഷൻ വേണം'-പ്രസിഡന്‍റ് തമാശരൂപേണ പറഞ്ഞു. നിങ്ങളെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണെന്ന് പ്രസിഡന്‍റ് പറഞ്ഞപ്പോൾ ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണെന്ന് ക്രൂ അംഗം മറുപടി നൽകി.