റിയാദ്: സൗദി അറേബ്യയിലെ പെട്രോൾ പമ്പുകളിൽ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നു. അടുത്താഴ്ച മുതൽ ഇലക്ട്രോണിക് പേയ്‌മെന്റ് വഴി മാത്രമേ പെട്രോൾ വാങ്ങാനാവൂ.

ദേശീയ പെട്രോൾ ബങ്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് അബ്ദുൾ അസീസ് അൽ ബറാകാണ് ഇക്കാര്യം പറഞ്ഞത്. സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയും വാണിജ്യ നിക്ഷേപ മന്ത്രാലയവും മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രാലയവും സഹകരിച്ചാണ് പെട്രോൾ പമ്പുകളിൽ ഇലക്ട്രോണിക് പെയ്‌മെന്റ് നിർബന്ധമാക്കുന്നത്.

ഇതിനായി രാജ്യത്തെ പെട്രോൾ പമ്പുകളിൽ നാലായിരം പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ലഭ്യമാക്കിയതായി സൗദി പെയ്‌മെന്റ് നെറ്റ്‌വർക്ക് സി.ഇ.ഒ സിയാദ് അൽ യൂസഫ് പറഞ്ഞു. പണ ഇടപാട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നത്.

ബിനാമി ബിസിനസ്സ് കുറയ്ക്കുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തെ മുഴുവൻ പെട്രോൾ പമ്പുകളിലും അടുത്താഴ്ച മുതൽ ഇലക്ട്രോണിക് പേയ്‌മെന്റ് നിർബന്ധമാക്കാനാണ്‌ തീരുമാനമെന്ന് ദേശീയ പെട്രോൾ ബങ്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് അബ്ദുൾ അസീസ് അൽ ബറാക് പറഞ്ഞു.

ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താത്ത പെട്രോൾ പമ്പുകൾ അടപ്പിക്കില്ലെന്നും പകരം ഇത്തരം സ്ഥാപനങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് പിഴ ചുമത്തുമെന്നും അബ്ദുൾ അസീസ് അൽ ബറാക് വ്യക്തമാക്കി.