കെയ്റോ: അമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം വീട്ടിലെ സോഫയ്‍ക്കുള്ളില്‍ ഒളിപ്പിച്ച ഈജിപ്ഷ്യന്‍ യുവാവ് അറസ്റ്റില്‍. അമ്മയുടെ കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കാന്‍ വേണ്ടിയായിരുന്നു ക്രൂരമായ കൊലപാതകം. പ്രോസിക്യൂഷന്‍ കസ്റ്റഡില്‍ വിട്ട പ്രതിയെ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. അയല്‍വാസികളുടെ ആക്രമണം ഭയന്ന് കര്‍ശന സുരക്ഷയിലാണ് പ്രതിയെ സിദി ബിഷ്റിലെ മഹ്‍മൂദ് അല്‍ ബന്ന സ്‍ട്രീറ്റിലെ വീട്ടിലെത്തിച്ചത്. കൊലപാതകം നടത്തിയ രീതി പ്രതി പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിവരിച്ചു.

അമ്മയെ സോഫയിലേക്ക് തള്ളിയിട്ട ശേഷം ബോധം മറയുന്നത് വരെ ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. മരണം ഉറപ്പാക്കിയ ശേഷം തല പ്ലാസ്റ്റിക് ബാഗ് കൊണ്ട് പൊതിഞ്ഞു. ബാന്‍ഡേജ് ചുറ്റിയ ശേഷം മൃതദേഹം സോഫയിലെ സ്റ്റോറേജ് ക്യാബിനില്‍ ഒളിപ്പിച്ചു. അമ്മയെ കാണാന്‍ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന തന്റെ സഹോദരന്മാര്‍ സംഭവം അറിയാതിരിക്കാനായിരുന്നു ഇത്. അമ്മയുടെ സമ്പാദ്യം മുഴുവന്‍ അപഹരിച്ചാണ് പ്രതി കടന്നുകളയാന്‍ ശ്രമിച്ചത്.

വിവാഹമോചിതനായ മകനും അയാളുടെ മക്കളും അമ്മയുടെ പെന്‍ഷന്‍ പണം കൊണ്ടാണ് ജീവിച്ചിരുന്നത്.  ഇതിന് പകരം ജോലി ചെയ്ത് കുടുംബം പുലര്‍ത്താന്‍ അമ്മ ആവശ്യപ്പെട്ടതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനൊടുവിലാണ് അമ്മയെ കൊന്നത്. പിറ്റേദിവസം മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് സോഫയ്ക്കുള്ളില്‍ ഒളിപ്പിച്ചത്. അമ്മയെ കാണാനില്ലെന്ന് സഹോദരന്മാരെയും അറിയിച്ചു. അമ്മയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ എല്ലാം അപഹരിച്ച ശേഷം രക്ഷപെടുകയായിരുന്നു. അമ്മയുടെ മൊബൈല്‍ ഫോണാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചതും.