ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ചാണ് ബലിപെരുന്നാള്‍ ദിവസം വിദഗ്ധര്‍ പ്രവചിച്ചത്. 

ദുബൈ: യുഎഇയില്‍ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ജൂൺ ആറിന് ആകാന്‍ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മെയ് 28 ബുധനാഴ്ച ദുല്‍ഹജ്ജ് ആദ്യ ദിനം ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ ബലിപെരുന്നാള്‍ ജൂണ്‍ ആറിന് ആകാനാണ് സാധ്യതയെന്ന് ഇദ്ദേഹം അറിയിച്ചു. അറഫാ ദിനം ജൂൺ 5ന് ആകുമെന്നും പ്രവചനമുണ്ട്. ജ്യോതിശാസ്ത്ര വിദഗ്ധരുടെ പ്രവചനങ്ങള്‍ ഇങ്ങനെയാണെങ്കിലും മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ചാണ് ബലിപെരുന്നാള്‍ ദിവസം അന്തിമമായി തീരുമാനിക്കുക. മാസപ്പിറവി ദൃശ്യമായാല്‍ യുഎഇ അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. 

അതേസമയം കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ നേരത്തെ അറിയിച്ചിരുന്നു. ഇസ്ലാമിക കലണ്ടറിലെ ദുൽഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു. ഈ വർഷത്തെ അറഫാ ദിനം 2025 ജൂൺ അഞ്ച് വ്യാഴാഴ്ച ആയിരിക്കുമെന്നുമാണ് പ്രവചനം. കുവൈത്തിൽ അഞ്ച് ദിവസം പെരുന്നാൾ അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുഎഇയിൽ അവധി തീരുമാനമായിട്ടില്ല.