ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ ആറ് വ്യാഴാഴ്ച വരെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നാണ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

 

യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളുടെ അവധി ദിനങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പുകള്‍ പുറത്തുവന്നിരുന്നു. യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിന് ആറ് ദിവസമാണ് അവധി പ്രഖ്യാപിച്ചത്. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ജൂണ്‍ രണ്ട് മുതല്‍ ഒരാഴ്ച അവധി പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തത്.  ജൂണ്‍ ഏഴിനാണ് അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. എന്നാല്‍ മേയ് 31 വെള്ളിയാഴ്ചയിലെയും ജൂണ്‍ ഒന്ന് ശനിയാഴ്ചയിലെയും വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയാണ് പൊതുമേഖലയ്ക്ക് ലഭിക്കുന്നത്.

എന്നാല്‍ ഇത്തവണ സ്വകാര്യ മേഖലയ്ക്കും നീണ്ട പെരുന്നാള്‍ അവധി ലഭിച്ചേക്കുമെന്നാണ് സൂചന. നേരത്തെ യുഎഇ ക്യാബിനറ്റ് അംഗീകരിച്ച തീരുമാനപ്രകാരം ചെറിയ പെരുന്നാളിന് (ഈദുല്‍ ഫിത്വര്‍) അഞ്ച് ദിവസം വരെ അവധി ലഭിക്കും. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധിയെന്നാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്. റമദാനില്‍ 30 ദിവസം ലഭിക്കുകയാണെങ്കില്‍ അഞ്ച് ദിവസം അവധി ലഭിക്കും. റമദാനില്‍ 29 ദിവസം മാത്രമേ ഉണ്ടാകുവെങ്കില്‍ അവധി ദിനങ്ങളുടെ എണ്ണം നാലായി കുറയും. മാസപ്പിറവി ദൃശ്യമാവുന്നതിനെ ആശ്രയിച്ചിരിക്കും അവധിയുടെ കാര്യത്തിലും അന്തിമ തീരുമാനമാവുന്നത്.

യുഎഇ ഇസ്ലാമികകാര്യ വകുപ്പിന്റെ അനുമാനപ്രകാരം ഇത്തവണ റമദാനില്‍ 30 ദിനങ്ങളുണ്ടാകും. ജൂണ്‍ നാലായിരിക്കും റമദാനിലെ അവസാന ദിനം. അങ്ങനെയാണെങ്കില്‍ ജൂണ്‍ മൂന്ന് തിങ്കള്‍ മുതല്‍ ജൂണ്‍ ഏഴ് വെള്ളിയാഴ്ച വരെ സ്വകാര്യ മേഖലക്ക് അവധി കിട്ടും. ശനിയാഴ്ചയിലെ വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആറ് ദിവസം അവധി ലഭിച്ചേക്കും. എന്നാല്‍ മാസപ്പിറവി ദൃശ്യമാവുന്നത് അനുസരിച്ചായിരിക്കും ഇതില്‍ അന്തിമ തീരുമാനമാവുന്നത്. സ്വകാര്യ മേഖലയുടെ ഇത്തവണത്തെ അവധി ദിനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.