ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇരുഹറമുകളിലും ചെറിയ പെരുന്നാള്‍ നമസ്‌കാരം നടന്നു. പൊതുജനങ്ങളെ കര്‍ശനമായി വിലക്കിയ പ്രാര്‍ത്ഥനയില്‍ ചുരുക്കം ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.

ഹറം ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പരിമിതമായ ആളുകള്‍  പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ സ്വാലിഹ് ബിന്‍ ഹുമൈദ് വിശുദ്ധ ഹറമില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എല്ലാ കാലവും നിലനില്‍ക്കുകയില്ലെന്നും ക്ഷമാപൂര്‍വ്വവും പ്രാര്‍ത്ഥനാനിരതമായും ജീവിക്കണമെന്ന് ഹറം ഇമാം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. 

മദീനയിലെ മസ്ജിദുന്നബവിയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബയ്ക്കും ശൈഖ് അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ അല്‍ബഈജാന്‍ നേതൃത്വം നല്‍കി. പാപമോചനത്തിന്റെ കവാടം റമദാന്‍ കഴിയുന്നതോടെ അടച്ചുപൂട്ടിയിട്ടില്ലെന്നും പാപമുക്തി നേടി കൂടുതല്‍ അള്ളാഹുവിലേക്ക് അടുക്കാന്‍ ഇനിയും ശ്രമിക്കണമെന്ന് മസ്ജിദുന്നബവി ഇമാം പറഞ്ഞു.