ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വേശ്യാവൃത്തിയിലേര്‍പ്പെട്ട 20 പ്രവാസികളെ പരിശോധനകളില്‍ പിടികൂടിയിരുന്നു. ഫര്‍വാനിയ, അഹ്‍മദി ഗവര്‍ണറേറ്റുകളിലെ വ്യത്യസ്‍ത സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തത്. 14 സ്‍ത്രീകളും ആറ് പുരുഷന്മാരുമാണ് കസ്റ്റഡിയിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അഹ്‍മദി ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച് നടത്തിയ റെയ്‍ഡുകളില്‍ 48 പ്രവാസികള്‍ അറസ്റ്റിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഹ്‍ബുല, ജലീബ് അല്‍ ശുയൂഖ് ഏരിയകളില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. ഖൈത്താനില്‍ അപ്രതീക്ഷിത റെയ്‍ഡുകളും ഉദ്യോഗസ്ഥര്‍ നടത്തി. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ ജോലി ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. സ്‍പോൺസര്‍മാരില്‍ നിന്ന് ഒളിച്ചോടി മറ്റ് ജോലികള്‍ ചെയ്യുന്നവരും വിവിധ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. ബുനൈദ് അല്‍ ഘര്‍, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ എന്നിവിടങ്ങള്‍ക്ക് പുറമെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലും പരിശോധനകള്‍ നടന്നിരുന്നു.
