അജ്‍മാന്‍: അല്‍ നുഐമിയയിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ രക്ഷപെടുത്തിയാതായി അജമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഞ്ച് നിലകളുണ്ടായിരുന്ന ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയല്‍ അബ്‍ദുല്‍ അസീസ് അല്‍ ശംസി പറഞ്ഞു. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നു. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ അഞ്ച് കുട്ടികളെയും മൂന്ന് സ്ത്രീകളെയും അധികൃതര്‍ സാഹസികമായി പുറത്തെത്തിച്ചു.

വീടുകളിലും മറ്റ് കെട്ടിടങ്ങളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. ഉപകരണങ്ങള്‍ക്ക് കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തണം. തകരാറിലാവുകയും തേയ്മാനം സംഭവിക്കുകയും ചെയ്തിട്ടുള്ള ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കണം. കെട്ടിടങ്ങളില്‍ സ്‍മോക് സെന്‍സര്‍, ഫയര്‍ അലാം തുടങ്ങിയവ സ്ഥാപിക്കണം. അടിക്കടിയുണ്ടാകുന്ന തീപിടുത്തങ്ങളെക്കുറിച്ച് ബോധവതകരണം നടത്തുമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.