യാത്ര ചെയ്യാനാവില്ലെന്ന് കാട്ടി തിരിച്ചയച്ച തിരുവനന്തപുരം സ്വദേശി ആബിദാ ബീവി, മറ്റൊരു വിമാനത്തിൽ പിന്നീട് യുഎഇയിലെത്തുകയും ചെയ്തു.
അബുദാബി: മകൾക്കും പേരക്കുട്ടിക്കുമൊപ്പം യുഎഇയിലേക്ക് യാത്ര ചെയ്യാനെത്തിയ സ്ത്രീയെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കൃത്യമായ കാരണമറിയിക്കാതെ തിരിച്ചയച്ചതായി പരാതി. യാത്ര ചെയ്യാനാവില്ലെന്ന് കാട്ടി തിരിച്ചയച്ച തിരുവനന്തപുരം സ്വദേശി ആബിദാ ബീവി, മറ്റൊരു വിമാനത്തിൽ പിന്നീട് യുഎഇയിലെത്തുകയും ചെയ്തു. കൃത്യമായ കാരണം പോലും ബോധിപ്പിക്കാത്തതിൽ എയർ ഇന്ത്യ എക്സ്പ്രസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കുടുംബം.
ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ കുടുംബം ബോർഡിങ്ങും എമിഗ്രേഷനും ഉൾപ്പടെ കഴിഞ്ഞ വിമാനം കയറാൻ നിൽക്കുമ്പോഴാണ് അമ്പരന്നത്. കൂടെയുള്ള മകൾക്കും പേരക്കുട്ടിക്കും പോകാം. ആബിദാ ബീവിക്ക് യാത്ര ചെയ്യാനാവില്ലെന്ന് പറഞ്ഞ് മാറ്റിനിർത്തി. കാരണം ചോദിച്ചപ്പോൾ അബുദാബിയിൽ യാത്രാവിലക്കുണ്ടെന്ന മറുപടിയാണ് ജീവനക്കാർ നൽകിയത്. വിസിറ്റ് വിസയായിരുന്നു ആബിദാ ബീവിയുടെ കയ്യിൽ ഉണ്ടായിരുന്നത്.
മറ്റുവഴിയില്ലാതെ, മകനെക്കൂടി ഉമ്മയ്ക്കൊപ്പം നിർത്തി മകൾ മാത്രം അന്ന് യാത്ര ചെയ്തു. അബുദാബിയിൽ അന്വേഷിച്ചപ്പോൾ യാത്ര ചെയ്യുന്നതിന് തടസ്സമൊന്നും ഉണ്ടായിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മകൾ ജാസിൻ പറയുന്നു. മറ്റൊരും ദിവസം മറ്റൊരു വിമാനത്തിൽ ആബിദാ ബീവി പിന്നീട് ഷാർജയിൽ ഇറങ്ങുകയും ചെയ്തു. യാത്രാവിലക്കുണ്ടായിരുന്നെങ്കിൽ എങ്ങനെ ഇന്ന് യാത്ര ചെയ്യാനായെന്നതാണ് ഇവരുടെ ചോദ്യം.
പകരം ടിക്കറ്റുകൾക്കായി ചെലവായ തുകയ്ക്ക് പുറമെ അനുഭവിച്ച മാനസിക സമ്മർദവും ബുദ്ധിമുട്ടുകളും വേറെ. തങ്ങൾക്കുണ്ടായദുരനുഭവത്തിന് കാരണമെന്തെന്ന് ചോദിച്ച് എയർഇന്ത്യ എക്സ്പ്രസിന് അയച്ച മെയിലിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും കോൾസെന്ററിലേക്ക് വിളിക്കുമ്പോഴും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നു. തനിക്കുണ്ടായ ബുദ്ധിമുട്ടിന് കൃത്യമായ പരിഹാരം കാണണമെന്നും തുടർ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കുടുംബം വ്യകതമാക്കി.
അതേസമയം, വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിശദീകരണം. ലക്ഷ്യസ്ഥാനമായ രാജ്യത്തിന്റെ അതിർത്തി നിയന്ത്രണ അതോറിറ്റി യാത്രക്കാരിക്ക് പ്രവേശനം നിഷേധിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതേത്തുടർന്ന്, ആ രാജ്യത്തിലെ ഇമിഗ്രേഷൻ അധികാരികളുടെ നിർദ്ദേശം അനുസരിച്ച് യാത്രക്കാരിയെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ വിമാനക്കമ്പനികൾ ഈ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ്. ഇത് അനുസരിക്കാത്തപക്ഷം പിഴ ചുമത്തുകയോ നാടുകടത്തുകയോ ചെയ്യാം. ഒരു രാജ്യത്തേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ആ രാജ്യത്തിൻ്റെ ഭരണകൂടമാണ്. ഈ വിഷയത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന് യാതൊരു പങ്കുമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.



