തിങ്കളാഴ്ച വൈകിട്ട് തന്നെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ (എപിഎസ്ആര്‍) അറിയിച്ചു. രാജ്യത്ത് വൈദ്യുതി തടസ്സം നേരിട്ട എല്ലാ പ്രദേശങ്ങളിലെയും സേവനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിച്ചു. 

തിങ്കളാഴ്ച വൈകിട്ട് തന്നെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നു. വൈദ്യയുതി തടസ്സങ്ങള്‍ നേരിടുകയാണെങ്കില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഉള്ളവര്‍ കമ്പനിയുടെ കോള്‍ സെന്ററുമായി 80070008 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഒമാനിൽ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചു; ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കഴാഴ്‍ചയാണ് വൈദ്യുതി തടസ്സം നേരിട്ടത്. വൈദ്യുതി ഇല്ലാത്തത് മൂലം ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം പലയിടങ്ങളിലും നിലച്ചു. രാജ്യത്തെ ടെലിഫോണ്‍ നെറ്റ്‍വര്‍ക്കുകളിലും പ്രശ്‍നങ്ങളുണ്ടായി.

ഒമാനില്‍ അപ്രതീക്ഷിതമായി മണിക്കൂറുകളോളം വൈദ്യുതി നിലച്ചപ്പോള്‍ ജനം വലഞ്ഞു. ട്രാഫിക് സിഗ്നലുകളും മൊബൈല്‍ നെറ്റ്‍വര്‍ക്കുമെല്ലാം പണി മുടക്കി. ഷോപ്പിങ് മാളുകളുടെയും പെട്രോള്‍ പമ്പുകളുടെയും പ്രവര്‍ത്തനം നിലച്ചു. ഓഫീസുകളുടെയും ബാങ്കുകളുടെയും സ്റ്റോക്ക് മാര്‍ക്കറ്റിന്റെയും പ്രവര്‍ത്തനങ്ങളെ വരെ ബാധിച്ചു. രാജ്യത്ത് ഉഷ്ണകാലം കൂടിയായതിനാല്‍ ജനങ്ങളുടെ പ്രയാസം ഇരട്ടിച്ചു. അതേസമയം അവശ്യസര്‍വീസുകളായ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവ ജനറേറ്റുകളുടെ സഹായത്തോടെ സുഗമമായി പ്രവര്‍ത്തിച്ചു. 

ഒമാനിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു; രണ്ട് സര്‍വീസുകള്‍ റദ്ദാക്കി

മസ്‍കത്ത് ഗവര്‍ണറേറ്റിന് പുറമെ സൗത്ത് അല്‍ ബാത്തിന, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങളെയും വൈദ്യുതി മുടക്കം ബാധിച്ചു. ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിക്കാതെ വന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. ഗതാഗതം നിയന്ത്രിക്കാനും വാഹനങ്ങള്‍ക്ക് വഴിയൊരുക്കാനും പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടായിരുന്നു. 

ഉച്ചയ്‍ക്ക് ശേഷം 1.14ഓടെ പൊടുന്നനെ വൈദ്യുതി മുടങ്ങിയത് ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. മാളുകള്‍ ഇരുട്ടിലായത് മൂലം ഷോപ്പിങിനെത്തിയവര്‍ പ്രതിസന്ധിയിലായി. ലിഫ്റ്റുകളില്‍ കുടുങ്ങിയവരെ സുരക്ഷാ ജീവനക്കാര്‍ പുറത്തിറക്കി. ചൂട് സഹിക്കാനാവാതെ മാളുകളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി. പലരും വാഹനങ്ങളിലെ എ.സിയെയാണ് ചൂടില്‍ നിന്നുള്ള അഭയത്തിനായി ആശ്രയിച്ചത്.