നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ദുബൈ ലൂപിൽ മണിക്കൂറിൽ 20,000 യാത്രക്കാരെ ഉൾക്കൊള്ളാനാകും.
ദുബൈ: ദുബൈ നഗരത്തിൽ ഗതാഗത വിപ്ലവം സൃഷ്ടിക്കാൻ പുതിയ പദ്ധതി. നഗരത്തിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂഗർഭ ഗതാഗത സംവിധാനം ദുബൈ ലൂപ് പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂഗർഭ പാതയുടെ നിർമാണത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റിയും(ആർടിഎ) അമേരിക്കൻ ടെക് ഭീമൻ ഇലോൺ മസ്കിന്റെ ബോറിങ് കമ്പനിയും കരാറിൽ ഒപ്പിട്ടു. ദുബൈ ലൂപ് എന്ന പേരിലാണ് ഭൂഗർഭ പാത നിര്‍മ്മിക്കുന്നത്.
പദ്ധതിയുടെ വിശദാംശങ്ങൾ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെളിപ്പെടുത്തി. ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. 17 കിലോമീറ്റർ നീളമാണ് പദ്ധതിയ്ക്ക്. മണിക്കൂറിൽ 20,000 യാത്രക്കാരെ ഉൾക്കൊള്ളുന്ന തുരങ്കത്തിനായി 11 സ്റ്റേഷനുകൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ദുബൈയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ പാത.
ഇലോൺ മസ്ക് പങ്കെടുത്ത ലോക സർക്കാർ ഉച്ചകോടിയിലെ സെഷനിൽ യുഎഇ നിർമിതബുദ്ധി, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ വകുപ്പ് മന്ത്രി ഉമർ സുൽത്താൻ അൽ ഉലമയാണ് പുതിയ പദ്ധതി സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ലോക സർക്കാർ ഉച്ചകോടിയിൽ ശൈഖ് ഹംദാന്റെ സാന്നിധ്യത്തിലാണ് ബോറിങ് കമ്പനിയും ആർടി.എയും കരാറിൽ ഒപ്പുവെച്ചത്. യുഎസിലെ ലാസ് വഗാസ് നഗരത്തിൽ ബോറിങ് കമ്പനി നിർമിച്ച ഭൂഗർഭ പാതയുടെ രീതി തന്നെയാണ് ദുബൈയിലും പിന്തുടരാൻ പോകുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. അതിശയകരമായ സംവിധാനമായിരിക്കുമിതെന്നും ഒരിക്കൽ അനുഭവിച്ചവർ അതിഷ്ടപ്പെടുമെന്നും ഇലോൺ മസ്ക് പറഞ്ഞു.
Read Also - 1,500 കോടി ഡോളറിന്റെ നിക്ഷേപ ഇടപാടുകളുമായി ‘ലീപ് 2025’ ടെക് മേളക്ക് സമാപനം
ഭൂകമ്പവും പേമാരിയും ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തത്തിന്റെ സമയത്തും ഏറ്റവും സുരക്ഷിതമായ ഗതാഗത സംവിധാനമാണ് ഭൂഗർഭപാതയെന്നും മന്ത്രി ഉമർ സുൽത്താൻ അൽ ഉലമയുടെ ചോദ്യത്തിന് മറുപടിയായി മസ്ക് വ്യക്തമാക്കി. ലൂപിലൂടെ ഒരു സ്ഥലത്ത് നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് സ്റ്റോപ്പില്ലാതെ സഞ്ചരിക്കുന്ന വാഹനം മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് ഓടുക. ഇലക്ട്രിക് വാഹനങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
