1,500 കോടി ഡോളറിന്‍റെ നിക്ഷേപ ഇടപാടുകളുമായി ‘ലീപ് 2025’ ടെക് മേളക്ക് സമാപനം

നാലു ദിവസങ്ങളിലായാണ് റിയാദിൽ മേള സംഘടിപ്പിച്ചത്. 

leap 2025 tech fest ended in riyadh

റിയാദ്: സൗദി അറേബ്യയുടെ നാലാമത് അന്താരാഷ്ട്ര സാങ്കേതിക മേള ‘ലീപ് 2025’ സമാപിച്ചു. റിയാദ് മൽഹമിലെ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നാലു ദിനങ്ങളിലായി നടന്ന മേളയിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലുമായി പങ്കെടുത്തത് ആയിരത്തിലധികം പ്രഭാഷകരും അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരും 1,800 പ്രദർശകരും ഏകദേശം 680 സ്റ്റാർട്ടപ്പ് കമ്പനികളും. ഉടമ്പടിയായത് 1,500 കോടി ഡോളറിെൻറ നിക്ഷേപ പദ്ധതികൾ.

2022ൽ തുടക്കമിട്ട ലീപ്പിന് ഇത്തവണ നിരവധി റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കാനായി. അടുത്ത മേള (ലീപ് 2026) റിയാദിലും ഹോങ്കോങ്ങിലുമായി സംഘടിപ്പിക്കുമെന്ന് സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റിയുടെ പ്രോഗ്രാമിങ് ആൻഡ് ഡ്രോൺ സി.ഇ.ഒ ഫൈസൽ അൽ ഖമീസി അറിയിച്ചു. സ്ഥിരമായി മേളയിൽ പങ്കെടുക്കുന്ന ഡാറ്റ ലിക്സിങ് എന്ന കമ്പനി ലീപ് 2022ൽ എത്തും മുമ്പ് പാപ്പരായിപ്പോകുമെന്ന സ്ഥിതിയിൽ എത്തിയിരുന്ന സ്ഥാപനമാണെന്നും എന്നാൽ പിന്നീട് അതിെൻറ പുനർജീവനമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 10 രാജ്യങ്ങളിൽ സ്വന്തം ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനിയായി മാറി. 

2000ലധികം ഉപഭോക്താക്കൾ അവർക്കുണ്ടായെന്നും അൽഖമീസി കൂട്ടിച്ചേർത്തു. ലീപ് മേള ഇതുപോലെ നിരവധി കമ്പനികളെ പുനരുജ്ജീവനം നേടാൻ സഹായിച്ചു. കുറഞ്ഞ ദിവസം കൊണ്ടുതന്നെ ബിസിനസ് ഡീലുകൾ നേടാൻ ലീപ് സമ്മേളനങ്ങൾ നിരവധി ഐ.ടി കമ്പനികളെ പ്രാപ്തമാക്കി. ഒരു വർഷം മുഴുവൻ പ്രയത്നിച്ചാൽ കിട്ടുന്ന ബിസിനസ് ഡീലുകൾ മേളയിലെ രണ്ടോ മൂന്നോ ദിവസംകൊണ്ട് നേടാൻ കഴിയുന്നു. ഡീലുകൾ പൂർത്തിയാക്കുന്നതിലും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിലും ‘ലീപ്’ ഇന്ന് ഒരു ആഗോള സംഭവമായി മാറിയെന്നും അൽഖമീസി പറഞ്ഞു. ഇത്തിഹാദ്, തഹാലുഫ് എന്നിവയുടെ സഹകരണത്തോടെ സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് ലീപ്പിെൻറ സംഘാടകർ. ഇത്തവണ മേള 22 ലക്ഷംകോടി ഡോളറിലധികം പോർട്ട്‌ഫോളിയോ വലുപ്പമുള്ള പ്രമുഖ കമ്പനികളുമായും അസറ്റ് മാനേജർമാരുമായും ഡീലുകൾ ഒപ്പിടുന്നതിനും ഗുണപരമായ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനും സാക്ഷ്യം വഹിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios