റിയാദ്: ഫീസ് അടയ്‌ക്കാത്തതിന്റെ പേരിൽ റിയാദിലെ ഇന്ത്യൻ എംബസി സ്‌കൂൾ ഓൺലൈൻ ക്ലാസിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കിയതായി പരാതി. മുന്നറിയിപ്പില്ലാതെയാണ് നടപടിയെന്ന് ആരോപിച്ച് രക്ഷിതാക്കൾ പ്രതിഷേധിച്ചു.

എംബസിക്ക് കീഴിലുള്ള സിബിഎസ്ഇ സ്‌കൂളുകളിൽ ജൂൺ ഒന്നുവരെ ട്യൂഷൻ ഫീസ് മാത്രം അടച്ചാൽ മതിയെന്ന് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു. ഫീസിന്റെ കാര്യം പരിഗണിക്കാതെതന്നെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ അനുവദനീയമാക്കുമെന്നും എംബസി വ്യക്തമാക്കിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പല രക്ഷിതാക്കളുടെയും ജോലി നഷ്ടപ്പെട്ടതും ശമ്പളം കൃത്യമായി ലഭിക്കാതെ വന്നതുംമൂലം പലർക്കും സ്‌കൂൾ ഫീസ് അടയ്ക്കാൻ സാധിക്കാതെവന്നു.

Read more: ശ്വാസകോശ സംബന്ധമായ അസുഖം മൂലം പ്രവാസി മലയാളി മരിച്ചു

മുന്നറിയിപ്പില്ലാതെ ജൂലൈ ഒന്നുമുതൽ ഫീസ് അടക്കാത്ത മുഴുവൻ കുട്ടികളേയും ഓൺലൈൻ ക്ലാസിൽ നിന്നും മാറ്റിനിർത്താനാണ്‌ സ്‌കൂൾ അധികൃതരുടെ തീരുമാനമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. എന്നാൽ സ്‌കൂളിന്റെ വെബ്‌സൈറ്റിൽ ഫീസ് അടയ്ക്കുന്നത് സംബന്ധിച്ചു നേരത്തെതന്നെ അറിയിപ്പുണ്ടായിരുന്നതായാണ് റിയാദ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത് പെർവേഷ് വ്യക്തമാക്കിയത്. 

Read more: വന്ദേഭാരത് നാലാംഘട്ടം ആരംഭിക്കുന്നു; കേരളത്തിലേക്ക് 168 വിമാനങ്ങള്‍; കൂടുതല്‍ യുഎഇയിൽ നിന്ന്