അബുദാബി: വീട്ടുജോലിക്കായി യുഎഇയിലേക്ക് വരുന്നവര്‍ എമിഗ്രേഷന്‍ നിയമം ലംഘിച്ച് സന്ദര്‍ശക വിസ ഉപയോഗിക്കരുതെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ വിദേശത്ത് എത്തുന്നവര്‍ പലവിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

30 വയസില്‍ താഴെയുള്ള സ്ത്രീകള്‍ ഇന്ത്യയില്‍ നിന്ന് വീട്ടുജോലിക്കാരായി വിദേശത്തേക്ക് പോകുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ 30 വയസിന് മുകളിലുള്ളവര്‍ക്കും വീട്ടുജോലിക്കാരുടെ വിസയില്‍ വിദേശത്തേക്ക് പോകാനാവൂ. എന്നാല്‍ നിയമം ലംഘിച്ച് സന്ദര്‍ശക വിസയില്‍ നിരവധിപ്പേര്‍ വീട്ടുജോലിക്കായി എത്തി പ്രശ്നങ്ങളില്‍ അകപ്പെടുന്നുണ്ടെന്ന് എംബസി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 400ലധികം സ്ത്രീകളാണ് സഹായമഭ്യര്‍ത്ഥിച്ച് അബുദാബിയിലെ എംബസിയിലും ദുബായിലെ കോണ്‍സുലേറ്റിലും എത്തിയത്. ഇവരെയെല്ലാം നാട്ടിലേക്ക് തിരിച്ചയച്ചു.

തിങ്കളാഴ്ച ഇത്തരത്തില്‍ ദുരിതത്തില്‍ അകപ്പെട്ട നാല് സ്ത്രീകള്‍ എംബസിയെ സമീപിച്ചെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊഴില്‍ സ്ഥലങ്ങളിലെ ചൂഷണം സഹിക്കാനാവാതെ എംബസിയുടെ സഹായം തേടിയത്. നാല് പേരും സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തി ജോലി ചെയ്തവരായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഇത്തരത്തില്‍ സഹായം തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതായി ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി പറഞ്ഞു.