ഗള്‍ഫ്, അറബ് ഐക്യവും സുസ്ഥിരതയും സാധ്യമാക്കാന്‍ എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധമാണെന്ന് സമാധാന നീക്കങ്ങള്‍ തെളിയിക്കുന്നതായും മേഖലയിലെ ജനങ്ങളുടെ സുരക്ഷയും പുരോഗതിയും രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യവുമായി ബന്ധപ്പെട്ടതാണെന്നും കുവൈത്ത് അമീര്‍ പറഞ്ഞു.

കുവൈത്ത് സിറ്റി: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സൗദിയും ഖത്തറും തമ്മില്‍ ധാരണയിലെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. ചരിത്രപരമായ നീക്കത്തില്‍ സല്‍മാന്‍ രാജാവിനെ കുവൈത്ത് അമീര്‍ അഭിനന്ദിച്ചു. 

ഗള്‍ഫ്, അറബ് ഐക്യവും സുസ്ഥിരതയും സാധ്യമാക്കാന്‍ എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധമാണെന്ന് സമാധാന നീക്കങ്ങള്‍ തെളിയിക്കുന്നതായും മേഖലയിലെ ജനങ്ങളുടെ സുരക്ഷയും പുരോഗതിയും രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യവുമായി ബന്ധപ്പെട്ടതാണെന്നും കുവൈത്ത് അമീര്‍ പറഞ്ഞു. ഐക്യം നിലനിര്‍ത്താന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ശൈഖ് നവാഫ് കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് പ്രതിസന്ധിയുടെ തുടക്കം മുതല്‍ അന്നത്തെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നേതൃത്വത്തില്‍ നടത്തിയ നയതന്ത്ര ശ്രമങ്ങളെ ശൈഖ് നവാഫ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ നമ്മുടെ മനസ്സിലും ചരിത്രത്താളുകളിലും നിലനില്‍ക്കുമെന്ന് പറഞ്ഞ ശൈഖ് നവാഫ് ഐക്യത്തിനായി മുമ്പോട്ട് വന്ന രാഷ്ട്രനേതാക്കളെയും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയ അമേരിക്കന്‍ ഭരണ നേതൃത്വത്തെയും അഭിനന്ദിച്ചു.