Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് വിമാനക്കമ്പനികള്‍; എമിറേറ്റ്സ് പിരിച്ചുവിടുന്നത് 9000 ജീവനക്കാരെ

തങ്ങള്‍ക്ക് ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ ഇനി നാല് വര്‍ഷങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് എമിറേറ്റ്സ് പ്രസിഡന്റ് റ്റിം ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടത്. ഇതിനിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ട വിവരം കമ്പനി സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേരെയാണ് ഒഴിവാക്കുന്നതെന്ന കണക്ക് പുറത്തുവിട്ടിരുന്നില്ല. 

Emirates airline to cut up to 9000 jobs due to covid crisis
Author
Dubai - United Arab Emirates, First Published Jul 11, 2020, 11:43 PM IST

ദുബായ്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് പിരിച്ചുവിടുന്നത് 9000 ജീവനക്കാരെ. സ്ഥാപനത്തിലെ ആകെ ജീവനക്കാരില്‍ 15 ശതമാനം പേരെ വരെ ഒഴിവാക്കുമെമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്  ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് വിമാനക്കമ്പനികള്‍. കൊവിഡിന് മുമ്പ് ലോകമെമ്പാടുമുള്ള 157 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്സ് ഇപ്പോള്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമേ നടത്തുന്നുള്ളൂ. ഓഗസ്റ്റ് പകുതിയോടെ 58 നഗരങ്ങളിലേക്കെങ്കിലും സര്‍വീസുകള്‍ പുനഃരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.

തങ്ങള്‍ക്ക് ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ ഇനി നാല് വര്‍ഷങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് എമിറേറ്റ്സ് പ്രസിഡന്റ് റ്റിം ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടത്. ഇതിനിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ട വിവരം കമ്പനി സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേരെയാണ് ഒഴിവാക്കുന്നതെന്ന കണക്ക് പുറത്തുവിട്ടിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് എമിറേറ്റ്സില്‍ 4300 പൈലറ്റുമാരും 22,000 ക്യാബിന്‍ ക്രൂ ജീവനക്കാരും അടക്കം 60,000 പേരുണ്ടായിരുന്നുവെന്നാണ് കണക്ക്.

തങ്ങളുടെ ജീവനക്കാരില്‍ 10 ശതമാനം പേരെ ഇപ്പോള്‍ തന്നെ പിരിച്ചുവിട്ടതായി ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ റ്റിം ക്ലാര്‍ക്ക് അറിയിച്ചു. ഇത് അല്‍പം കൂടി വര്‍ദ്ധിക്കുമെന്നും 15 ശതമാനത്തോളം പേരെ ഒഴിവാക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. അങ്ങനെയാണെങ്കില്‍ 9000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്ക്.

കൊവിഡ് പ്രതിസന്ധിക്കാലത്ത് വിമാനക്കമ്പനികള്‍ക്ക് മൊത്തത്തില്‍ 84 ബില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ്  ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‍പോര്‍ട്ട് അസോസിയേഷന്റെ കണക്ക്. അതേസമയം മറ്റുള്ള പല കമ്പനികള്‍ക്കും അനുഭവിക്കേണ്ടി വന്നത്ര ആഘാതം എമിറേറ്റ്സിനുമേല്‍ ഉണ്ടായില്ലെന്നും റ്റിം ക്ലാര്‍ക്ക് അഭിമുഖത്തില്‍ പറയുന്നു. വാര്‍ഷിക ലാഭത്തില്‍ 21 ശതമാനത്തിന്റെ വര്‍ദ്ധനവായിരുന്നു മാര്‍ച്ചില്‍ എമിറേറ്റ്സ് പ്രഖ്യാപിച്ചിരുന്നത്. 

Follow Us:
Download App:
  • android
  • ios