എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകളാണ് തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

അബുദാബി: വ്യോമയാന രംഗത്ത് അവസരങ്ങളുടെ വാതില്‍ തുറന്ന് യുഎഇ വിമാന കമ്പനികള്‍. കൈനിറയെ തൊഴിലവസരങ്ങളുമായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുകയാണ് വിവിധ എയര്‍ലൈനുകള്‍. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകളാണ് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാബിന്‍ ക്രൂ, പൈലറ്റ്, എഞ്ചിനീയര്‍മാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിങ്ങനെ വിവിധ തസ്തികകളിലാണ് തൊഴിലവസരങ്ങളുള്ളത്.

എമിറേറ്റ്സ് എയര്‍ലൈന്‍സ് ദുബൈയില്‍ റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നുണ്ട്.

  • മെയിന്‍റനന്‍സ് ടെക്നീഷ്യന്‍സ്
  • ക്യാബിന്‍ ക്രൂ റിക്രൂട്ട്മെന്‍റ് അഡ്വൈസര്‍മാര്‍
  • എയര്‍പോര്‍ട്ട് സര്‍വീസ് ഏജന്‍റുമാര്‍
  • ബിസിനസ് സപ്പോര്‍ട്ട് ഓഫീസര്‍മാര്‍
  • പോര്‍ട്ടര്‍മാര്‍
  • സെയില്‍സ് സപ്പോര്‍ട്ട് ഏജന്‍റുമാര്‍
  • പൈലറ്റുമാര്‍ എന്നീ ഒഴിവുകളാണ് എമിറേറ്റ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ക്യാബിന്‍ ക്രൂ തൊഴിലവസരങ്ങളും എമിറേറ്റ്സ് എയര്‍ലൈന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്യാബിന്‍ ക്രൂവായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അ‍ടിസ്ഥാന ശമ്പളം - പ്രതിമാസം 4,430 ദിര്‍ഹം.

ഫ്ലൈയിങ് പേ- 63.75 ദിര്‍ഹം / മണിക്കൂര്‍ (80-100 മണിക്കൂര്‍, അല്ലെങ്കില്‍ മാസം)

ശരാശരി ആകെ മാസ ശമ്പളം - 10,170 ദിര്‍ഹം.

ശമ്പളത്തിന് പുറമെ ലേഓവറുകള്‍ക്ക് ഹോട്ടല്‍ താമസം, എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗത സൗകര്യം, അന്താരാഷ്ട്ര ഭക്ഷണ അലവന്‍സുകള്‍ എന്നിവ ഉണ്ടായിരിക്കും.

ഇത്തിഹാദ്

ഇത്തിഹാദ് എയര്‍വേയ്സില്‍ 70 ഒഴിവുകളാണ് ഉള്ളത്. ക്യാബിന്‍ ക്രൂ, പൈലറ്റ്, ക്യാപ്റ്റന്‍, സെയില്‍സ് ഓഫീസര്‍മാര്‍ എന്നീ തസ്തികകളിലാണ് തൊഴിലവസരങ്ങളുള്ളത്. ഫ്ലൈദുബൈയിലും നിരവധി തൊഴിലവസരങ്ങളുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ എയര്‍ലൈന്‍റെ ഔദ്യോഗിക കരിയര്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ അയയക്കണമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. ക്യാബിന്‍ ക്രൂ, പൈലറ്റ്, ഗ്രൗണ്ട് ഓപ്പറേഷന്‍സ്, എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് എയര്‍ അറേബ്യയില്‍ തൊഴിലവസരങ്ങളുള്ളത്. വിശദ വിവരങ്ങൾക്ക് ഈ എയര്‍ലൈനുകളുടെ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.