37കാരനായ ഈജിപ്ഷ്യന്‍ പൗരനെയാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ദുബായ്: വിമാനത്തില്‍ വെച്ച് രണ്ട് സഹോദരങ്ങളുടെ പണം മോഷ്ടിച്ചെന്ന കേസില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനെ കോടതി വെറുതെവിട്ടു. വിമാനത്തില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്ന പിതാവിന് സുഖമില്ലാതായപ്പോള്‍ സഹോദരങ്ങള്‍ ശുശ്രൂഷിക്കാന്‍ പോയെന്നും ആ സമയത്ത് സീറ്റില്‍ വെച്ചിരുന്ന പഴ്സിലെ പണം ജീവനക്കാരന്‍ അപഹരിച്ചുവെന്നമായിരുന്നു കേസ്. 

37കാരനായ ഈജിപ്ഷ്യന്‍ പൗരനെയാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്കോക്കില്‍ നിന്ന് ദുബായിലേക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് സഹോദരങ്ങളും അവരുടെ പിതാവും. ഇടയ്ക്ക് വെച്ച് അച്ഛന് പെട്ടെന്ന് സുഖമില്ലാതായി. ഇതോടെ പഴ്സും മറ്റ് സാധനങ്ങളും സീറ്റില്‍ വെച്ചശേഷം രണ്ട് പേരും അച്ഛന്റെ അടുത്തേക്ക് പോയി. എന്നാല്‍ തിരികെ വന്നപ്പോള്‍ പഴ്സിലുണ്ടായിരുന്ന പണം നഷ്ടമായെന്നാണ് പരാതി.

2600 ഡോളറും 9000 ദിര്‍ഹവുമായിരുന്നു പഴ്സിലുണ്ടായിരുന്നത്. ദുബായ് വിമാനത്താവളത്തിലെത്തിയപ്പോള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വിമാനത്തിനകത്ത് കയറി തെരച്ചില്‍ നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതെ വന്നതിനാല്‍ വെറുതെ വിടുകയായിരുന്നു.