അബുദാബി: സാംസങ്  എസ്10 മൊബൈല്‍ ഫോണ്‍ സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എമിറേറ്റ്സ് പോസ്റ്റ് നടത്തുന്ന മത്സരമെന്നും നറുക്കെടുപ്പെന്നുമൊക്കെ അവകാശപ്പെട്ടാണ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഇവ പൂര്‍ണമായും വ്യാജമാണെന്നും ജനങ്ങള്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീണുപോകരുതെന്നും എമിറേറ്റ്സ് പോസ്റ്റ് മുന്നറിയിപ്പ് നല്‍കി.

നറുക്കെടുപ്പിലും മത്സരത്തിലും പങ്കെടുക്കാനെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ലിങ്ക് സഹിതമാണ് സന്ദേശം പ്രചരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളോ ലിങ്കുകളോ ലഭിച്ചിട്ടുള്ളവര്‍ എത്രയും വേഗം അവ ഡിലീറ്റ് ചെയ്യണമെന്നും തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കണണെന്നുമാണ് എമിറേറ്റ്സ് പോസ്റ്റിന്റെ അറിയിപ്പില്‍ പറയുന്നത്. സൈബര്‍ സുരക്ഷാ ചുമതയലുള്ള അധികൃതരുമായി ചേര്‍ന്ന് ഈ തട്ടിപ്പ് അവസാനിപ്പിക്കാനും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാനും നടപടി തുടങ്ങിയിട്ടുണ്ടെന്നും എമിറേറ്റ്സ് പോസ്റ്റ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.