ദുബായിലെ എമിറേറ്റ്സ് റോഡിൽ 5 കിലോമീറ്റർ നീളുന്ന പുതിയ ഭാഗം ഈ മാസം 30-ന് തുറക്കും. ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും. വരികളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയർത്തുന്നതോടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും.

ദുബായ്: എമിറേറ്റ്സ് റോഡിലെ റോഡ് വികസന പദ്ധതിയുടെ പുതിയ ഭാഗം ഈ മാസം 30-ന് തുറന്നുകൊടുക്കും. എമിറേറ്റ്‌സ് റോഡിൽ വാദി അൽ അമാർദി ദിശയിലുള്ള 5 കിലോമീറ്റർ നീളുന്ന ഭാഗത്താണ് നിർമാണം പൂർത്തിയാക്കി പുതിയ വരികൾ തുറക്കുന്നത്. വേനൽക്കാല അവധിക്ക് ശേഷം തിങ്കളാഴ്ച യുഎഇയിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ, റോഡുകളിൽ വാഹനത്തിരക്ക് ഗണ്യമായി വർധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഈ ക്രമീകരണം.

എമിറേറ്റ്‌സ് റോഡിലെ ഈ ഭാഗത്ത് വരികളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയരും. ഇതോടെ മണിക്കൂറിൽ 12,000 വാഹനങ്ങൾ കടന്നുപോയിരുന്ന സ്ഥാനത്ത് 16,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. തിരക്കേറിയ സമയങ്ങളിൽ യാത്രാസമയത്തിൽ 25 ശതമാനം വരെ കുറവുണ്ടാകുമെന്ന് ആർടിഎ വ്യക്തമാക്കി. യുഎഇയിലെ പ്രധാന ഗതാഗത പാതയായ എമിറേറ്റ്‌സ് റോഡിലൂടെ പ്രതിദിനം ഇരുദിശകളിലേക്കുമായി 2,40,000-ത്തിലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്.

അൽ അവിർ 1 ലേക്ക് പുതിയ പ്രവേശന കവാടം, അൽ അമാർദി സ്ട്രീറ്റിലേക്കുള്ള മികച്ച കണക്റ്റിവിറ്റി തുടങ്ങിയ ഒട്ടേറെ വികസന പദ്ധതികൾ അടുത്തിടെ ഈ മേഖലയിൽ പൂർത്തിയാക്കിയിരുന്നു. വടക്കൻ എമിറേറ്റുകളിൽ നിന്ന് ദുബായിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് പുതിയ ലൈനുകൾ തുറക്കുന്നത് വലിയ ആശ്വാസമാകും.