ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയുമായി(ഐഎച്ച്‌സി)സഹകരിച്ചാണ് എയര്‍ബ്രിഡ്ജ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യവിമാനം ഞായറാഴ്ച രാവിലെ ദുബൈയില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു.

ദുബൈ: കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങാകാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍. സന്നദ്ധ സംഘടനകളും മറ്റും നല്‍കുന്ന സഹായങ്ങള്‍ സൗജന്യമായി ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് എത്തിക്കുമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. ഇതിനായി ദുബൈയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ ഹ്യുമാനിറ്റേറിയന്‍ എയര്‍ബ്രിഡ്ജ് പദ്ധതി തുടങ്ങി.

ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയുമായി(ഐഎച്ച്‌സി)സഹകരിച്ചാണ് എയര്‍ബ്രിഡ്ജ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യവിമാനം ഞായറാഴ്ച രാവിലെ ദുബൈയില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ 12 ടണ്‍ ടെന്‍റ് നിര്‍മ്മാണ സാമഗ്രികളാണ് ദില്ലിയിലെത്തിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങളെത്തും. കഴിഞ്ഞ ആഴ്ചകളിലും എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും അയച്ചിരുന്നു.

ഇന്ത്യയും എമിറേറ്റ്‌സും തമ്മില്‍ ആഴമേറിയ ബന്ധമാണുള്ളതെന്ന് എമിറേറ്റ്‌സ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍മക്തൂം പറഞ്ഞു. 1985ല്‍ എമിറേറ്റ്‌സിന്റെ ആദ്യ വിമാനം ഇന്ത്യയിലെത്തിയത് മുതലുള്ള ബന്ധമാണ്. ഇന്ത്യന്‍ ജനതയ്ക്ക് പിന്തുണ അറിയിക്കുന്നതായും കൊവിഡിനെ ചെറുത്ത് പഴയ സ്ഥിതിയിലേക്ക് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് എല്ലാ സഹാവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 95 എമിറേറ്റ്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.