Asianet News MalayalamAsianet News Malayalam

ചരിത്രദൗത്യം പൂർത്തിയാക്കി; യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികൻ ഹസ്സ അൻ മൻസൂറി തിരിച്ചെത്തി

എട്ടു ദിവസത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷമാണ് ഹസ്സ അൽ മൻസൂരി മറ്റു രണ്ടു സഞ്ചാരികൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തിയത്. 

emirati astronaut hazzaa almansoori back on earth from iss
Author
UAE - Dubai - United Arab Emirates, First Published Oct 4, 2019, 12:46 AM IST

അബുദാബി: ചരിത്രദൗത്യം പൂർത്തിയാക്കി യുഎഇയുട പ്രഥമ ബഹിരാകാശ യാത്രികൻ ഹസ്സ അൻ മൻസൂറി ഭൂമിയില്‍ തിരികെയെത്തി.  ഹസ്സയുടെ യാത്ര ഇമറാത്തി യുവതയുടെ അഭിമാന നേട്ടമായി അറബ്-മുസ്ലിം ലോകത്തിന് സമർപ്പിക്കുന്നുവെന്ന് അബൂദബി കിരീടാവകാശി അഭിപ്രായപ്പെട്ടു. എട്ടു ദിവസത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷമാണ് ഹസ്സ അൽ മൻസൂരി മറ്റു രണ്ടു സഞ്ചാരികൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തിയത്. 

റഷ്യന്‍ പേടകമായ സോയുസാണ് സഞ്ചാരികളെ കസാകിസ്ഥാനില്‍ സുരക്ഷിതമായി ഇറക്കിയത്. ഏറെ വെല്ലുവിളികൾ നിറ‍ഞ്ഞതായിരുന്നു ബഹിരാകാശ നിലയത്തിൽ നിന്നു ഭൂമിയിലേക്കുള്ള യാത്ര. റഷ്യൻ കമാൻഡർ അലക്സി ഓവ്ചിനിൻ, അമേരിക്കൻ ബഹിരാകാശയാത്രികൻ നിക്ക് ഹേഗ് എന്നിവരും ഹസ്സയ്ക്കൊപ്പമുണ്ടായിരുന്നു.  ഹസ്സയുടെ ബഹിരാകാശ പ്രവേശനത്തെ ഇമറാത്തി യുവതയുടെ അഭിമാന നേട്ടമായി അറബ്-മുസ്ലിം ലോകത്തിന് സമർപ്പിക്കുന്നുവെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. 

അറബ് ലോകത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ ആത്മവിശ്വാസം പകരുന്ന ചുവടുവെപ്പാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  16 ഗവേഷണങ്ങളും പഠനങ്ങളുമാണ് ഹസ്സ അൽ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നിര്‍വഹിച്ചത്. ഓസ്റ്റിയോളജി, ഫ്ലൂയിഡ് ഡൈനാമിക്സ്, മൈക്രോ ഗ്രാവിറ്റി എന്നിവയിലുള്ള ഗവേഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. 

കസാക്കിസ്ഥാനിലെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ഹസ്സയും എം‌ബി‌ആർ‌എസ്‌സി സംഘവും മോസ്കോയിലേക്ക് യാത്രയാകും.ബഹിരാകാശ നിലയത്തിൽ നിന്നു പകർത്തിയ യുഎഇയുടെ  ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഇതിനകം  തരംഗമായി.   ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിച്ച പത്തൊമ്പതാമത്തെ രാജ്യമാണ് യുഎഇ . 2117ല്‍ ചൊവ്വയിലെ ആദ്യ നഗരം നിർമിക്കുന്ന രാഷ്ട്രമായുകയാണ് യു.എ.ഇയുടെ ലക്ഷ്യം

Follow Us:
Download App:
  • android
  • ios