ഹെഗ്ര, വാദി നഖല റിസർവുകളിലേക്ക് 16 സ്പീഷീസുകളെയാണ് തുറന്നുവിട്ടത്
അൽ ഉല: സൗദി അറേബ്യയിലെ അൽ ഉല പ്രദേശത്ത് വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ വിട്ടയച്ചു. നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫും അൽ ഉല റോയൽ കമ്മീഷനും ചേർന്നാണ് ഹെഗ്ര, വാദി നഖല റിസർവുകളിലേക്ക് 16 സ്പീഷീസുകളെ തുറന്നു വിട്ടത്. ആറ് മലയാടുകളെയും നാല് എഡ്മി ആന്റലോപ്സുകളെയും ഹെഗ്ര റിസർവിലേക്ക് തുറന്നുവിട്ടു. വാദി നഖലയിൽ ആറ് മലയാടുകളെയാണ് വിട്ടയച്ചത്.
വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ പാർപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇവയെ സംരക്ഷിത മേഖലകളിൽ വിട്ടയക്കുന്നത്. കൂടാതെ, റിസർവിലെ ജൈവവൈവിധ്യം സമ്പുഷ്ടമാക്കുന്നതും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതും സുസ്ഥിരത വർധിപ്പിക്കുന്നതും ഇക്കോടൂറിസത്തെ ഉത്തേജിപ്പിക്കുന്നതും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.
read more: കനത്ത മൂടൽമഞ്ഞ്, യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
വംശനാശഭീഷണി നേരിടുന്ന ജീവികളെ പുറത്തുവിടുന്നത് വന്യജീവികളെ നിലനിർത്തുന്നതിനും ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതിൽ അനുകൂലവും ആകർഷകവുമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ഘട്ടമാണെന്ന് ദേശീയ വന്യജീവി വികസനകേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് ഖുർബാൻ പറഞ്ഞു. ജീവികളുടെ ചലന രീതികൾ പഠിക്കാനും അവയുടെ സ്വഭാവവും പ്രകൃതിയുമായി പൊരുത്തപ്പെടുന്നതും വിശകലനം ചെയ്യാനും വിദഗ്ധരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഉപഗ്രഹം വഴി പിന്തുടരുന്ന സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
