ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ തൊഴിലുടമ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും പ്രവാസിയെ അവരുടെ തന്നെ ചെലവില്‍ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കുകയും വേണമെന്നതാണ് ആവശ്യം.
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ക്കുള്ള താമസ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി കുവൈത്ത് പാര്‍ലമെന്റ് അംഗം. പൂര്‍ണ ആരോഗ്യമുള്ളവരെ മാത്രം രാജ്യത്ത് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അല്ലാത്തവരെ മടക്കി അയക്കണമെന്നും ആവശ്യപ്പെട്ട് എം.പി ബദര്‍ അല്‍ ഹാമിദിയാണ് ഭേദഗതി നിര്‍ദേശം സമര്‍പ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പാര്‍ലമെന്റ് അംഗം സമര്‍പ്പിച്ച ഭേദഗതി നിര്‍ദേശം ഇപ്പോള്‍ ലെജിസ്‍ലേറ്റീവ് അഫയേഴ്‍സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഒരു പ്രവാസി രാജ്യത്ത് ജോലി ചെയ്യാനുള്ള വിസയ്‍ക്ക് അപേക്ഷ നല്‍കുമ്പോഴോ അല്ലെങ്കില്‍ ഒരു വ്യാപാര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോഴോ അതുമല്ലെങ്കില്‍ കുടുംബാംഗത്തോടൊപ്പം താമസിക്കാനായി കുവൈത്തിലേക്ക് വരികയോ ചെയ്യുമ്പോള്‍ ഗുരുതരമായ അസുഖങ്ങളോ മാനസിക പ്രശ്‍നങ്ങളോ പകര്‍ച്ച വ്യാധികളോ ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് പ്രധാന ആവശ്യം. ഇതിന് പുറമെ ജനിതകമായ മറ്റ് രോഗങ്ങളില്ലെന്ന് തെളിയിക്കുന്ന ജെനിറ്റിക് മേക്കപ്പ് അല്ലെങ്കില്‍ ഡി.എന്‍.എ പരിശോധനകള്‍ നടത്തിക്കണമെന്നും എം.പി സമര്‍പ്പിച്ച നിര്‍ദേശങ്ങളിലുണ്ട്.
ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ തൊഴിലുടമ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും പ്രവാസിയെ അവരുടെ തന്നെ ചെലവില്‍ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കുകയും വേണമെന്നതാണ് ആവശ്യം. ഇത്തരത്തിലുള്ള അസുഖങ്ങളില്‍ നിന്ന് കുവൈത്തിലെ ജനങ്ങളെ സംരക്ഷിക്കാനാണ് താന്‍ പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചതെന്നും എം.പി പറയുന്നു.
ദീര്‍ഘനാളത്തെ ചികിത്സ ആവശ്യമാവുന്ന ഗുരുതരമായ മാനസിക രോഗങ്ങളോ അല്ലെങ്കില്‍ നാഡീസംബന്ധമായ അസുഖങ്ങളോ ഉള്ള പ്രവാസികളുടെ വിസ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഒരു വര്‍ഷത്തിന് മുമ്പും ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഈ നിര്‍ദേശവും ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റികളുടെ പരിഗണനയിലാണ് ഇപ്പോഴും. രാജ്യത്തിന്റെ ആരോഗ്യ സ്ഥിതിയും സാമൂഹിക മൂല്യങ്ങളും ആചാരങ്ങളുമൊക്കെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.
