യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിൻ സർവീസ് പൂർത്തിയാക്കി. ദുബായിലെ അൽ യലായിസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്കായിരുന്നു യാത്ര. വെറും ഒരു മണിക്കൂറിലേറെ സമയം കൊണ്ട് ഈ യാത്ര പൂർത്തിയാക്കാൻ സാധിച്ചു.

ദുബായ്: യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിൻ ദുബായിൽ നിന്ന് അബുദാബിയിലെത്തി സർവീസ് പൂർത്തിയാക്കി. ദുബായിലെ അൽ യലായിസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലാണ് എത്തിച്ചേർന്നത്. ഒരു മണിക്കൂറിലധികം സമയം കൊണ്ട് ഇരു എമിറേറ്റുകൾക്കുമിടയിൽ സുഗമമായ യാത്രയൊരുക്കാൻ ഈ റെയിൽ സർവീസിന് സാധിക്കും.

ആദ്യ സർവീസ് രാവിലെ 6.14-ന് ദുബായ് അൽ യലായിസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.18-ന് അബുദാബിയിലെത്തി. മടക്ക സർവീസ് അബുദാബിയിൽ നിന്ന് രാവിലെ 7.43-ന് പുറപ്പെട്ട് 8.47-ന് തിരിച്ചെത്തി. വെറും ഒരു മണിക്കൂറിലേറെ സമയം കൊണ്ട് രണ്ട് എമിറേറ്റുകൾക്കുമിടയിൽ യാത്ര പൂർത്തിയാക്കാൻ സാധിച്ചത് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

യാത്രക്കാരുമായി ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടന ഓട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ യുഎഇയിലെ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽ ശൃംഖല പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. 2021-ൽ യുഎഇ പ്രഖ്യാപിച്ച 'പ്രൊജക്ട്സ് ഓഫ് ദി ഫിഫ്റ്റി'യുടെ ഭാഗമായുള്ള നാഷണൽ റെയിൽവേ പ്രോഗ്രാമിന്റെ വിഷൻ പ്രഖ്യാപിച്ച് അഞ്ച് വർഷം തികയുന്നതിന് മുൻപ് തന്നെ പാസഞ്ചർ സർവീസ് യാഥാർത്ഥ്യമായിരിക്കുകയാണ്.