വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്തി കുവൈത്തി വനിതയിൽ നിന്ന് 13,500 ദിനാർ തട്ടിയെടുത്ത കേസിൽ പ്രവാസിക്ക് മൂന്ന് വർഷം തടവ്. എനിഡെസ്ക് ആപ്ലിക്കേഷൻ വഴിയാണ് പ്രതി ബാങ്ക് വിവരങ്ങൾ ചോർത്തിയത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

കുവൈത്ത്: വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് കുവൈത്തി വനിതയിൽ നിന്ന് 13,500 ദിനാർ തട്ടിയെടുത്ത കേസിൽ പ്രവാസിക്ക് മൂന്ന് വർഷം കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രവാസിയെ നാടുകടത്തും.

വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വനിതയെ ഫോണിൽ ബന്ധപ്പെട്ടാണ് പ്രതി തട്ടിപ്പ് നടത്തിയത്. തുടർന്ന് ഇവരുടെ വിശ്വാസം നേടിയെടുത്ത പ്രതി മൊബൈൽ ഫോണിൽ 'എനിഡെസ്ക്' എന്ന റിമോട്ട് ആക്സസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി 13,500 കുവൈത്ത് ദിനാർ തട്ടിയെടുക്കുകയായിരുന്നു.

തട്ടിയെടുത്ത പണം ആദ്യം ഒന്നാം പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്കും പിന്നീട് രണ്ടാം പ്രതിയുടെ അക്കൗണ്ടിലേക്കും മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചത്. കേസിലെ തെളിവുകൾ പരിശോധിച്ച കോടതി ഒന്നാം പ്രതിക്ക് മൂന്ന് വർഷം കഠിനതടവും ശിക്ഷ പൂർത്തിയാക്കിയ ശേഷം രാജ്യത്തുനിന്ന് നാടുകടത്തലും വിധിച്ചു. അതേസമയം, രണ്ടാം പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. കൂടാതെ 5,001 ദിനാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവിൽ ഹർജി പ്രത്യേകം പരിഗണിക്കാനും കോടതി നിർദേശിച്ചു.

സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വരുന്ന ഫോൺ കോളുകളിലും സന്ദേശങ്ങളിലും ജാഗ്രത പാലിക്കണമെന്നും അജ്ഞാതരുടെ നിർദേശപ്രകാരം മൊബൈൽ ഫോണിൽ റിമോട്ട് ആക്സസ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒടിപി നമ്പറുകളും കൈമാറുകയോ ചെയ്യരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.