ഏത് സാഹചര്യത്തിലായാലും വധശിക്ഷയെ യൂറോപ്യൻ യൂണിയൻ ശക്തമായി എതിർക്കുന്നുവെന്ന് കമ്മീഷൻ വൈസ് പ്രസിഡന്റ് മാർഗരറ്റ് ഷിനാസ് കുവൈത്ത് അംബാസിഡറെ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏഴ് തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധവുമായി യൂറോപ്യന്‍ യൂണിയന്‍. ഷെങ്കന്‍ വിസയിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ബാധിക്കുമെന്നാണ് യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ്.

ബുധനാഴ്ച ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ ബ്രസല്‍സില്‍ കുവൈത്ത് അംബാസഡറെ വിളിച്ചുവരുത്തി യൂറോപ്യന്‍ യൂണിയന്‍ പ്രതിഷേധം അറിയിച്ചു. ഏത് സാഹചര്യത്തിലായാലും വധശിക്ഷയെ യൂറോപ്യൻ യൂണിയൻ ശക്തമായി എതിർക്കുന്നുവെന്ന് കമ്മീഷൻ വൈസ് പ്രസിഡന്റ് മാർഗരറ്റ് ഷിനാസ് കുവൈത്ത് അംബാസിഡറെ അറിയിച്ചു.

ഷെങ്കന്‍ വിസയിൽ നിന്ന് ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെ ഉൾപ്പെടുത്താനുള്ള നിർദ്ദേശവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. യൂറോപ്യൻ യൂണിയനും കുവൈത്തും തമ്മിലുള്ള അടുത്തയാഴ്ച നടക്കാനിരിക്കുന്ന മനുഷ്യാവകാശ ചർച്ചയിൽ ഈ വിഷയവും ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഷിനാസ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കുവൈത്ത് പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച ശുപാര്‍ശയിന്മേല്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കവെയാണ് യൂറോപ്യന്‍ യൂണിയന്റെ പ്രതിഷേധം.

അതേസമയം കുവൈത്തിന്റെ ആഭ്യന്തര കാര്യത്തിലോ നീതിന്യായ വ്യവസ്ഥകളിലോ ഇടപെടാന്‍ സുഹൃദ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ആരെയും അനുവദിക്കില്ലെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലെം അബ്‍ദുല്ല അല്‍ സബാഹ് പറഞ്ഞു. കുവൈത്തില്‍ വധശിക്ഷകള്‍ നടപ്പാക്കപ്പെടുന്നത് അത്ര സാധാരണമല്ല. ഇതിന് മുമ്പ് 2017ലാണ് വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. ഒരു രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. അതിന് മുമ്പ് 2013ലായിരുന്നു രാജ്യത്ത് വധശിക്ഷ നടപ്പാക്കിയത്.

Read also: കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി