Asianet News MalayalamAsianet News Malayalam

വധശിക്ഷകള്‍ നിർത്തിവെയ്ക്കുകയാണെങ്കിൽ മാത്രം കുവൈത്ത് പൗരന്മാര്‍ക്ക് യൂറോപ്പിലേക്ക് വിസ രഹിത യാത്ര

കുവൈത്തിന്റെ കാര്യത്തിൽ വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്‍ക്കുക എന്ന വ്യവസ്ഥയിൽ വിസ രഹിത യാത്ര അനുവദിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നാണ് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ നിലപാടെടുത്തത്.

European Union to allow visa free travel for Kuwaiti citizen Only if they stop executing death penalties
Author
First Published Dec 1, 2022, 8:56 PM IST

കുവൈത്ത് സിറ്റി: ഖത്തർ, ഒമാൻ, ഇക്വഡോർ എന്നീ രാജ്യങ്ങളെ പോലെ വധശിക്ഷകള്‍ നടപ്പാക്കുന്നത് നിർത്തിവയ്ക്കുകയാണെങ്കിൽ കുവൈത്തി പൗരന്മാർക്ക് 90 ദിവസം വരെ വിസ രഹിത യാത്രയ്ക്ക് അനുമതി നൽകുമെന്ന് യുറോപ്യൻ പാർലമെന്റ് വ്യക്തമാക്കി. കുവൈത്ത്, ഖത്തർ, ഒമാൻ, ഇക്വഡോർ എന്നിവിടങ്ങളിലെ പൗരന്മാർക്ക് 90 ദിവസത്തേക്ക് വിസ രഹിത യാത്ര അനുവദിക്കാനുള്ള നിർദ്ദേശത്തിന്റെ കരടിന് യൂറോപ്യന്‍ പാര്‍ലമെന്റിലെ സിവിൽ ലിബർട്ടീസ് കമ്മിറ്റി ഇന്ന് അംഗീകാരം നൽകി.

വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സിവിൽ ലിബർട്ടീസ് കമ്മിറ്റിയിലെ 42 അംഗങ്ങൾ പിന്തുണച്ചപ്പോൾ എതിർപ്പുന്നയിച്ച് 16 വോട്ടുകളാണ് വന്നത്. ഇതില്‍ കുവൈത്തിന്റെ കാര്യത്തിൽ വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്‍ക്കുക എന്ന വ്യവസ്ഥയിൽ വിസ രഹിത യാത്ര അനുവദിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നാണ് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ നിലപാടെടുത്തത്. വിസയില്ലാതെ യാത്ര അനുവദിക്കുന്ന തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ഉഭയകക്ഷി ചർച്ചകളിലൂടെ വധ ശിക്ഷകള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചുകൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വരികയും വേണം. കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെയും മൗലിക അവകാശങ്ങളുടെ ലംഘനങ്ങളും സ്വാതന്ത്ര്യത്തെയും കുറിച്ച് ഗുരുതരമായ ആശങ്കകളുണ്ടെന്നും കമ്മിറ്റി വിലയിരുത്തി.

അഞ്ച് വര്‍ഷത്തിന് ശേഷം ഈ നവംബറില്‍ കുവൈത്തില്‍ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതാണ് യൂറോപ്യന്‍ യൂണിയനെ പ്രകോപിപ്പിച്ചത്. ആസൂത്രിതമായ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട നാല് കുവൈത്തി പൗരന്മാരെയും മൂന്ന് പ്രവാസികളെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. നാല് കുവൈത്തി പൗരന്മാരില്‍ ഒരാള്‍ വനിതയായാിരുന്നു. ഇവര്‍ക്ക് പുറമെ ഒരു സിറിയന്‍ പൗരന്റെയും ഒരു പാകിസ്ഥാനിയുടെയും ഒരു എത്യോപ്യന്‍ സ്വദേശിനിയുടെയും വധശിക്ഷയാണ് കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നടപ്പാക്കിയത്. 

Read also: സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചു

Follow Us:
Download App:
  • android
  • ios