ദുബൈയിലുള്ള ഒരു മാളിലെ ആഡംബര റീട്ടെയ്ൽ സ്റ്റോറിൽ നിന്നുമാണ് ഏകദേശം 7000 ദിർഹം വിലമതിക്കുന്ന ബാഗ് മോഷ്ടിച്ചത്
ദുബൈ: യുഎഇയിൽ ഡിസൈനർ ഹാൻഡ്‌ബാഗ് മോഷ്ടിച്ച കുറ്റത്തിന് വിനോദസഞ്ചാരിയായ സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ചു. ഒരു മാസത്തെ തടവാണ് വിധിച്ചിരിക്കുന്നത്. കൂടാതെ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഉത്തരവുണ്ട്. ദുബൈയിലുള്ള ഒരു മാളിലെ ആഡംബര റീട്ടെയ്ൽ സ്റ്റോറിൽ നിന്നുമാണ് ഏകദേശം 7000 ദിർഹം വിലമതിക്കുന്ന ബാഗ് ഇവർ മോഷ്ടിച്ചത്. യൂറോപ്പിൽ നിന്ന് യുഎഇയിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയതാണ് ഇവർ.
നാല് സ്ത്രീകളും ഒരു പുരുഷനുമാണ് സാധനം വാങ്ങാനെന്ന വ്യാജേന ഷോപ്പ് സന്ദർശിച്ചത്. ഇവർ കൂട്ടമായി കടയിലെത്തി പോയതിനു പിന്നാലെ അവിടെയുണ്ടായിരുന്ന വില കൂടിയ ഒരു ഹാൻഡ് ബാഗും കാണാതായി. സംശയം തോന്നിയതിനെ തുടർന്ന് കടയിലെ ജീവനക്കാരനാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സാധാനങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് അഞ്ചംഗ സംഘം കടയിലെത്തിയത്. ബാഗുകളുടെ വില അന്വേഷിക്കുന്നുണ്ടായിരുന്നു ഇവർ. സംഘം കടയിൽ നിന്നും പോയപ്പോൾ അവിടെയുണ്ടായിരുന്ന ഒരു ഡിസൈനർ ഹാൻഡ്‌ബാഗും കാണാതായി- കടയിലെ ജീവനക്കാരൻ പറഞ്ഞു. സംശയം തോന്നിയപ്പോൽ ജീവനക്കാരൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം പുറത്തുവന്നത്.
പരാതി ലഭിച്ച് ഉടൻ തന്നെ ദുബൈ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഒരു സ്ത്രീ കുറ്റം സമ്മതിച്ചു. സഹോദരങ്ങൾക്കൊപ്പമാണ് കടയിലെത്തിയതെന്നും ബാഗെടുത്തത് താനാണെന്നും ചോദ്യം ചെയ്യലിൽ പറഞ്ഞു. തുടർന്ന് കോടതിയിൽ ഹാജരാക്കിയതോടെയാണ് ഒരു മാസത്തെ തടവ് ശിക്ഷയും ശേഷം നാടുകടത്തലും വിധിച്ചത്.


