സംഗീതപരിപാടികളുടെ വ്യാജ ടിക്കറ്റുകള്‍; സോഷ്യൽ മീഡിയ വഴി വന്‍ തട്ടിപ്പ്, പ്രവാസിയെ കുടുക്കി അധികൃതര്‍
മൊബൈൽ ഫോൺ നമ്പർ കരാറുകളിൽ കൃത്രിമം കാണിക്കുകയും തെറ്റായ പേരുകളിൽ രജിസ്റ്റർ ചെയ്യുന്നതും അടക്കമുള്ള ഓണ്‍ലൈൻ തട്ടിപ്പുകളാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വാണിജ്യ അക്കൗണ്ടുകൾ വഴി വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയ അറബ് പ്രവാസി അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിന്‍റെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റിന്‍റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മൊബൈൽ ഫോൺ നമ്പർ കരാറുകളിൽ കൃത്രിമം കാണിക്കുകയും തെറ്റായ പേരുകളിൽ രജിസ്റ്റർ ചെയ്യുന്നതും അടക്കമുള്ള ഓണ്‍ലൈൻ തട്ടിപ്പുകളാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തിരുന്നത്. വ്യാജ വാണിജ്യ അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാട്ട്‌സ്ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. സംഗീതപരിപാടികളുടെ ടിക്കറ്റുകള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞു പറ്റിച്ച് ബാങ്ക് ലിങ്കുകൾ അയച്ചുകൊടുക്കുകയും പിന്നീട് പണം തട്ടുകയുമാണ് ഇവരുടെ രീതി.
ഇത്തരത്തില്‍ പ്രതികള്‍ നിരവധി വ്യക്തികളെ കബളിപ്പിച്ചതായി വ്യക്തമായി. തുടര്‍ന്ന് കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ 75-ലധികം മൊബൈൽ ഫോൺ ലൈനുകളും വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങളും അധികൃതർ കണ്ടെത്തി.
Read Also - ഇന്ത്യൻ കാക്കകളെ കൊണ്ട് 'പൊറുതിമുട്ടി'; ഇത്തവണ കര്‍ശന നിയന്ത്രണം, തുരത്താൻ വീണ്ടും നടപടിയുമായി സൗദി
പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് രേഖകള്‍ പുനഃപരിശോധിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയ പ്രവാസികളുടെ രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് വകുപ്പുകളുടെയും ആര്‍ക്കൈവുകള്‍ പരിശോധിക്കും.
ആറ് ഗവർണറേറ്റുകളിലെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ പൂർത്തിയാക്കിയ ശേഷം പ്രവാസികളുടെ എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും പരിശോധിക്കാൻ നിർദ്ദേശം ലഭിച്ചു. ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാതിരുന്ന നൂറുകണക്കിന് പ്രവാസികളെയാണ് കണ്ടെത്തിയത്. കൈവശമുണ്ടായിരുന്ന ലൈസൻസ് അഡ്മിനിസ്ട്രേഷന് സറണ്ടർ ചെയ്തവരുടെയും ലൈസൻസ് വകുപ്പ് റദ്ദാക്കി.
യോഗ്യതയില്ലാത്തവര്‍ അനധികൃതമായി ലൈസന്‍സ് നേടിയെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഉപയോഗിക്കുന്ന ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കണമെന്നാണ് ആറ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകൾക്ക് ലഭിച്ച നിർദ്ദേശങ്ങൾ. കുവൈത്തില്‍ ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ എട്ടു ലക്ഷവും നേടിയിട്ടുള്ളത് പ്രവാസികളാണ്. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ പ്രവാസികള്‍ക്ക് കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാര്‍ ശമ്പളവും ബിരുദവും ആവശ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...