വീട്ടിൽ കഞ്ചാവ് കൃഷി ചെയ്ത സ്വദേശി വനിതയ്ക്ക് കുവൈത്തിൽ 15 വര്‍ഷം കഠിന തടവും പിഴയും. വീട്ടിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഇവർ കഞ്ചാവ് കൃഷി ചെയ്തിരുന്നത്.
കുവൈത്ത് സിറ്റി: സ്വന്തം വീട്ടിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കൃഷി ചെയ്യുകയും അവ വിൽക്കാൻ ശ്രമിക്കുകയും ചെയ്ത കുവൈത്ത് സ്വദേശിനിക്ക് ക്രിമിനൽ കോടതി 15 വർഷം കഠിന തടവ് വിധിച്ചു. ശിക്ഷയ്ക്ക് പുറമെ 10,000 കുവൈത്ത് ദിനാർ (ഏകദേശം 27 ലക്ഷത്തിലധികം രൂപ) പിഴ അടയ്ക്കുകയും വേണം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം പ്രതിയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
വീട്ടിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ മയക്കുമരുന്ന് കൃഷി ചെയ്യുന്നതായും വൻതോതിൽ ലഹരിമരുന്ന് ശേഖരം സൂക്ഷിച്ചിട്ടുള്ളതായും ഉദ്യോഗസ്ഥർ കണ്ടെത്തി. മയക്കുമരുന്ന് കൃഷി ചെയ്യുക, അവ സംസ്കരിക്കുക, ലാഭത്തിനായി വിൽക്കാൻ ശ്രമിക്കുക, സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ടത്. കൃഷിക്കായി ഉപയോഗിച്ചിരുന്ന വിത്തുകളും അനുബന്ധ സാങ്കേതിക ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കേസിൽ പ്രതിയായിരുന്ന മറ്റൊരു സ്വദേശി യുവാവിന് കോടതി ശിക്ഷ വിധിച്ചില്ല.
ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെങ്കിലും കച്ചവടത്തിലോ കൃഷിയിലോ പങ്കാളിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഇളവ് നൽകിയത്. ഇയാളെ പുനരധിവാസത്തിന് വിധേയമാക്കാനാണ് സാധ്യത. പ്രതിഭാഗം ഉന്നയിച്ച സാങ്കേതിക തടസ്സവാദങ്ങൾ കോടതി തള്ളി. പൊലീസിന്‍റെ അറസ്റ്റ് നടപടികളും പരിശോധനകളും കൃത്യമായ നിയമോപദേശത്തിന്‍റെയും വാറണ്ടിന്‍റെയും അടിസ്ഥാനത്തിലാണെന്ന് കോടതി വ്യക്തമാക്കി.


